കൊല്ലം: മുഖ്യമന്ത്രി കസേരയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ സ്വന്തം പാർട്ടിക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സി.ആർ.മഹേഷ് എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ സാക്ഷാൽ പിണറായി പോലും വിറച്ചു. കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും വീണു. വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിൽ പോലും ഇനിയും അത്ഭുതങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ ഉൾക്കരുത്തിനെ നിസാരമായി കാണരുത്.
തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിന് അടിപതറാമെങ്കിൽ അത് ജനാധിപത്യത്തിന്റെ ശക്തിയാണ്. ഇത് സിപിഎമ്മിന് മാത്രമല്ല ബാധകം. യുഡിഎഫ് മണ്ഡലങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കാം. അതാണ് ചരിത്രവും കാലവുമെന്നും മഹേഷ് കുറിച്ചു.
വിശക്കുന്നവന്റെയും പണിയെടുക്കുന്നവന്റെയും ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെയും വികാരമാണിത്. എല്ലാം ഇവിടം കൊണ്ട് തീർന്നുവെന്ന് ധരിക്കരുത്. അപ്രിയ സത്യങ്ങൾ തുറന്നു പറയുമ്പോൾ ഉണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.