പ്രതീകാത്മക ചിത്രം
എരുമപ്പെട്ടി: വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ എന്നിവർ ഉൾപ്പടെ എട്ടു കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങൾ രാജിക്കൊരുങ്ങുന്നു. വേലൂരിലെ കോണ്‍ഗ്രസ് നേതൃത്വം പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണു ഡിസിസി പ്രസിഡന്റിനു പരാതിയും രാജിക്കത്തും നൽകിയത്.
വേലൂരിലെ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയാണു രാജിഭീഷണിക്കു കാരണം. കോണ്‍ഗ്രസിനു മേൽക്കോയ്മയുള്ള വേലൂർ പഞ്ചായത്തിൽ ഗ്രൂപ്പുവഴക്കും വിഭാഗീയതയും കാരണം 10 വർഷമായി ഭരണം നഷ്ടപ്പെട്ടിരുന്നു. ഇക്കുറി നറുക്കെടുപ്പിലൂടെയാണു ഭരണം ലഭിച്ചത്. 19 അംഗങ്ങളുള്ള ഭരണസമിതിയിൽ ഒന്‍പതു കോണ്‍ഗ്രസ്, ഒന്‍പത് സിപിഎം, ഒരു ബിജെപി എന്നതാണു സീറ്റുനില. നറുക്കെടുപ്പിലൂടെയാണു പ്രസിഡന്റായി സ്വപ്ന രാമചന്ദ്രനെയും വൈസ് പ്രസിഡന്റായി നിതീഷ് ചന്ദ്രനെയും തെരഞ്ഞെടുത്തത്. മൂന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ സിപിഎമ്മിനാണ്.
ഭൂരിപക്ഷമില്ലാതെ പഞ്ചായത്ത് ഭരണം മുന്നോട്ടുപോകുന്പോൾ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മന്പറന്പിലും മണ്ഡലം പ്രസിഡന്റ് ഫ്രഡി ജോണും ചേർന്നു കോണ്‍ഗ്രസ് അംഗമായ ബദുൽ സൈമണെ ഉപയോഗിച്ചു ഭരണസ്തംഭനമുണ്ടാക്കാൻ ശ്രമിക്കുന്നെന്നു പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും മറ്റ് അംഗങ്ങളും ആരോപിക്കുന്നു. ഭരണസമിതിയുടെ തീരുമാനങ്ങൾക്കെതിരേ ബദുൽ സൈമണ്‍ സിപിഎമ്മിനൊപ്പംചേർന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നെന്നും ആശാ വർക്കർ ഉൾപ്പടെയുള്ള നിയമന തീരുമാനങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുന്നെന്നുമാണു പരാതി.
ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർക്കെതിരേ നടപടിയെടുക്കണമെന്നും ശാശ്വതപരിഹാരമുണ്ടായില്ലെങ്കിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെ എട്ട് മെംബർമാർ രാജിവയ്ക്കുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിനു നൽകിയ പരാതിയിൽ പറയുന്നു. വേലൂർ സഹകരണബാങ്ക് പ്രസിഡന്റായ സുരേഷ് മന്പറന്പലിനെതിരേ ഭരണസമിതിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് മെംബർമാർ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു.
Tags : District News Nattuvishesham Congress leadership Veloor Panchayat