പൂഞ്ചോല മലയിൽ സ്വകാര്യവ്യക്തികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്ത നിലയിൽ.
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ പൂഞ്ചോല മലവാരത്തെ കുറ്റിയമ്പാടം, പള്ളിപ്പടി ഭാഗത്ത് ഏക്കർകണക്കിന് മണ്ണിടിച്ചു നികത്തുന്നതു തുടരുന്നു. 2018ൽ പൂഞ്ചോല മലയിൽ ഉരുൾപൊട്ടലുണ്ടാവുകയും ഈ മേഖല പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കുകയും ചെയ്ത സ്ഥലത്താണ് കുന്ന് ഇടിച്ചുനികത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുന്ന് ഇടിച്ചു നികത്തുന്നതിന് താഴെയായി മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മഴപെയ്താൽ ഉരുൾപൊട്ടൽ ഉണ്ടാവുമോ എന്ന ആശങ്കയാണ് ജനങ്ങൾക്ക്. ഈ ആശങ്ക കുന്ന് ഇടിച്ചുനികത്തുന്നവരോടു നാട്ടുകാർ പറഞ്ഞെങ്കിലും അവർ കാര്യമാക്കുന്നില്ല എന്നാണ് ആക്ഷേപം.
തുടർന്നാണ് നാട്ടുകാർ പാലക്കാട് ജില്ലാ കളക്ടറെ നേരിൽകണ്ട് പരാതി നൽകിയത്. മണ്ണാർക്കാട് തഹസിൽദാർക്കും പാലക്കയം വില്ലേജ് ഓഫീസർക്കും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. കുന്ന് ഇടിച്ചുനിരത്തുന്നതിനു പുറമെ രണ്ട് അരുവികൾ നികത്തിയതായും നാട്ടുകാർ പറയുന്നു.
മരങ്ങൾ കടത്തിക്കൊണ്ടു പോകുന്നതിനായി അഞ്ഞൂറുമീറ്ററോളം പുതിയ റോഡും നിർമിച്ചിട്ടുണ്ട്. ഇതിനുതാഴെയായാണ് പൂഞ്ചോലയിലേക്കുള്ള പൊതുമരാമത്ത് റോഡ് കടന്നുപോകുന്നത്.
ഉരുൾപൊട്ടലോ ശക്തമായ മണ്ണിടിച്ചിലോ ഉണ്ടായാൽ പൂഞ്ചോല ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവും. കഴിഞ്ഞ വർഷവും പൂഞ്ചോല മലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് അധികൃതർ സ്വകാര്യവ്യക്തികൾക്ക് കൂട്ടുനിൽക്കുകയാണെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് പൂഞ്ചോല നിവാസികളായ സജി എത്തലിൽ, മുരളി കിഴേത്ത്, ലാലു താന്നി പൊതിയിൽ, ജോൺ കന്നുംകുളമ്പിൽ എന്നിവർ പറഞ്ഞു.
Tags : District News Nattuvishesham Poonchola Threat to 30 families