പൊള്ളലേറ്റ അരുൺ, ജിഷ്ണു, ചന്ദനു
തീകൊളുത്തിയ ജീഷ്ണുവിനും പൊള്ളലേറ്റു
പിറവം: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോളൊഴിച്ചു തീകൊളുത്തി. ആക്രമണം നടത്തിയ യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി യിൽ പ്രവേശിപ്പിച്ചു. കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകൻ അരുൺ കുമാറിനെ (25) യാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സുഹൃത്തായ നെച്ചൂർ പെരുമ്പിള്ളിൽ വിജയന്റെ മകൻ ജിഷ്ണുവാണ് (33) ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണുവിനൊപ്പമെത്തിയ സുഹൃത്തുക്കളായ നെച്ചൂർ പെരുമ്പിള്ളിൽ ചന്ദ്രന്റെ മകൻ ചന്ദനു (36), നെച്ചൂർ വാഴയിൽ മാത്യുവിന്റെ മകൻ സാൽബെറിൻ (32), കക്കാട് ചൊള്ളാൽ ഗോപിനാഥന്റെ മകൻ ദേവ് സി.ജി. (36) എന്നിവരെ അറസ്റ്റുചെയ്ത് റിമാൻഡിലയച്ചു.
ഇന്നലെ പുലർച്ചെ ഒന്നോടെ സ്നേഹ ഭവൻ റോഡിലായിരുന്നു സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അരുൺ ഫോൺ വിളിച്ച് ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പെട്രോൾ ആക്രമണത്തിലേക്ക് എത്തിയതെന്നും പറയപ്പെടുന്നു.
അരുൺ പിറവത്തെ ഒരു ടൂവീലർ വർക്ക് ഷോപ്പിൽ മെക്കാനിക്കാണ്. ജിഷ്ണു കുടുംബ സമേതം സൗദിയിലായിരുന്നു. അടുത്തയിടെയാണ് നാട്ടിൽ അവധിക്കു വന്നത്. അരുണും ജിഷ്ണുവും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ബുധനാഴ്ച പകൽ തൊടുപുഴ മേഖലയിൽ കറങ്ങി നടന്ന് വൈകുന്നേരമാണ് വീടുകളിലേക്ക് മടങ്ങിയത്.
രാത്രിയിൽ ജിഷ്ണു വീടിന് സമീപത്തേക്കുള്ള കവലയിലേക്ക് പോയപ്പോൾ മൊബൈൽ ഫോൺ എടുത്തിരുന്നില്ല. അരുൺ ഈ സമയം ഏറെ നേരം ജിഷ്ണുവിനെ വിളിച്ചിരുന്നു. ഒടുവിൽ ജിഷ്ണുവിന്റെ മാതാവ് ഫോൺ എടുത്തപ്പോൾ, ജിഷ്ണുവാണെന്ന് കരുതി അസഭ്യം പറഞ്ഞു.
ഇക്കാര്യം വീട്ടിൽ തിരിച്ചെത്തിയ ജിഷ്ണുവിനോട് മാതാവ് പറയുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം പിറവത്ത് ബാറിലെത്തി മദ്യപിക്കുകയും രാത്രി 12 -ഓടെ അരുണിനെ വിളിച്ച് എവിടെയാണന്നന്വേഷിച്ചു. ഇതിനുശേഷം പമ്പിലെത്തി സ്കൂട്ടറുകളിൽ പെട്രോൾ നിറച്ച ശേഷം കുപ്പിയിൽ അര ലിറ്റർ പെട്രോൾ വേറെയും വാങ്ങി.
സ്നേഹ ഭവൻ റോഡിലായിരുന്നു അരുണുംരണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നത്. ഇവിടെയെത്തിയ ജിഷ്ണുവും അരുണുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഏതാനും മിനിട്ട് വീണ്ടും വാക്കുതർക്കം നടക്കുന്നതിനിടെ ജിഷ്ണു സിഗറ്റ് ലാമ്പ് കത്തിച്ച് തീ കൊളുത്തുകയായിരുന്നു. ഒഴിക്കുന്നതിനിടെ ജിഷ്ണുവിന്റെ ശരീരത്തിലും പെട്രോൾ തെറിച്ച് വീണതിനെത്തുടർന്നാണ് പൊള്ളലേറ്റത്.
70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ വെന്റിലേറ്ററിലാ ണ്. കൈയിലും വയറ്റത്തും പൊള്ളലേറ്റ ജിഷ്ണു ഐസിയുവിലാണ്. അരുണിനൊപ്പമുണ്ടാരുന്ന സുഹൃത്തുക്കളായ ഗീവർഗീസ്, പ്രഫുൽ എന്നിവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. അരുൺ അതീവ ഗുരുതരാവസ്ഥയിലാണന്ന് പൊലിസ് പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews doused with petrol