പോത്തുണ്ടി വലതുകര കനാൽ ശുചീകരിക്കുന്ന തൊഴിലാളി.
നെന്മാറ: ഒന്നാംവിള കൃഷി ഉണക്കഭീഷണി നേരിടുന്നതിനിടെ ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കനാലുകൾ അടിയന്തരമായി വൃത്തിയാക്കി. വലതുകര കനാൽ ഇന്നു തുറന്നുവിടാനാണ് തീരുമാനം. തുടർന്നുള്ള ദിവസങ്ങളിൽ ഇടതുകര കനാലിലൂടെയും വെള്ളം തുറന്നുവിടുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
ഒന്നാം വിള കതിരണിയുന്ന ഘട്ടത്തിലേക്ക് കടന്നിരിക്കെ ആവശ്യത്തിന് ജലം ലഭിക്കാത്തത് കർഷകരിൽ ആശങ്ക വർധിപ്പിച്ചിരുന്നു.
ഇതേത്തുടർന്നാണ് അടിയന്തരമായി അണക്കെട്ടിൽനിന്ന് ജലം ലഭ്യമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞദിവസം പാടശേഖര സമിതി ഭാരവാഹികളും ജലസേചന വകുപ്പ് അധികൃതരും നടത്തിയ ചർച്ചയിലാണ് കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നതിനുള്ള തീരുമാനമെടുത്തത്. തുടർന്ന് ഓവർസിയർമാരുടെയും എൻജിനീയർമാരുടെയും മേൽനോട്ടത്തിൽ കരാർ തൊഴിലാളികളെ നിയോഗിച്ചാണ് കനാൽ ശുചീകരണം ആരംഭിച്ചത്.
അതിനിടെ പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വർഷം ഇതേസമയത്തേക്കാൾ കുറവാണ്. നെല്ലിയാമ്പതി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.