പ്രതീകാത്മക ചിത്രം
പാലക്കാട്: ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച്1 എൻ1 പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗബാധിതരായ ആളുകൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ, അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ചശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.
സാധാരണഗതിയിൽ കുറച്ചു ദിവസങ്ങൾക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസം, നെഞ്ചുവേദന എന്നിവയുണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.
കിടപ്പു രോഗികൾ, മറ്റു ഗുരുതരരോഗ ബാധിതർ, ഗർഭിണികൾ, രണ്ടു വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റുരോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും, ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Tags : District News Nattuvishesham H1N1