Kerala
തൃശൂർ: മറ്റത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി തൃശൂർ ഡിസിസി ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം. പാർട്ടിയിൽ സജീവമല്ലാത്ത ആളെ മണ്ഡലം പ്രസിഡന്റായി നിയമിച്ചുവെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു.
മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനിതകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. മുൻപ് പാർട്ടി നടപടി നേരിട്ടിട്ടുള്ള ഹസൻ വല്ലത്തിനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. ഡിസിസി പ്രസിഡന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും നിയമനം അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡിസിസി പ്രസിഡന്റിന്റെ പ്രതീകാത്മക കോലവുമായാണ് പ്രവർത്തകർ എത്തിയതെങ്കിലും അത് കത്തിക്കാൻ അവർ തയാറായില്ല. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. തെറ്റായ നടപടിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സമരത്തിന് നേതൃത്വം നൽകിയവർ വ്യക്തമാക്കി.
കെപിസിസി യോഗം നടക്കുന്നതിനാൽ ഡിസിസി പ്രസിഡന്റോമറ്റ് മുതിർന്ന നേതാക്കളോ ഓഫീസിൽ ഇല്ലാത്ത സമയത്തായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ജൂലൈ ഒന്നിനകം തിരുത്തൽ നടപടി ഉണ്ടായില്ലെങ്കിൽ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അതേസമയം ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയവർക്ക് കോൺഗ്രസ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.
District News
നെയ്യാറ്റിന്‍കര: വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയിലധികമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നേതൃത്വത്തിന് സാധിക്കാത്തതില്‍ നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതൃപ്തി. നെയ്യാറ്റിന്‍കരയില്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരുണ്ട്. കൂടുതല്‍ എംഎല്‍എ മാര്‍ കൂടെയുണ്ടെന്ന് കെ.സി. ആരാധകര്‍ വാദിക്കുന്പോള്‍ ഭരണപരിചയം മുതല്‍ക്കൂട്ടല്ലേ എന്നാണ് ചെന്നിത്തല അനുയായികളുടെ മറുചോദ്യം.
ടീം യുഡിഎഫ് എന്ന ആശയം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കി പട നയിച്ചയാള്‍ക്ക് നായകസ്ഥാനം നല്കുന്നതില് ഇത്രമാത്രം ചര്ച്ചയെന്തിനാണെന്നാണ് വി.ഡി. സതീശൻ അനു കൂലികളുടെ ചോദ്യം. നെയ്യാറ്റിന്‍കര മണ്ഡലത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ടു തവണത്തെ എല്‍ഡിഎഫ് വിജയത്തെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫ് പ്രതിനിധി എന്‍. ശക്തന് തെരഞ്ഞെടുക്കപ്പെട്ടത്.
മണ്ഡലത്തിലെ കോണ്‍ഗ്രസുകാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ഥി മോഹം ഉണ്ടായിരുന്നെങ്കിലും ശക്തന്റെ വരവോടെ അഭിപ്രായഭിന്നതകള്‍ അപ്പാടെ മറന്നു നേതാക്കളും പ്രവര്‍ത്തകരും കളത്തിലിറങ്ങി ആത്മാര്‍ഥമായി പ്രയത്നിച്ചു. അതിന്റെ ഫലമാണ് വോട്ടെടുപ്പില്‍ തെളിഞ്ഞതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ശക്തന് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്കുണ്ട്.
എൻ. ശക്തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കവേ രമേശ് ചെന്നിത്തല അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എംഎല്‍എയെയല്ല, മന്ത്രിയെയാണ് നെയ്യാറ്റിന്‍കര മണ്ഡലം തെരഞ്ഞെടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിലെ പരാമര്‍ശം.
അന്ന് വേദിയും സദസും നിറഞ്ഞ കരഘോഷത്തോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. അതികഠിനമായ വെയിലും ചൂടുമൊക്കെ സഹിച്ച് വീടായ വീടുകള്‍ കയറിയിറങ്ങിയും ഓരോ വോട്ടും വിലയേറിയതാണെന്ന ബോധ്യത്തോടെ കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയുമാണ് ശക്തനെ വിജയിപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
യുഡിഎഫിന്റെ എല്ലാ വിജയികളുടെയും നേട്ടത്തിനു പിന്നില്‍ ആ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും പ്രവര്‍ത്തകരുടെ പരിശ്രമമുണ്ടെന്നും അതിനെയൊക്കെ അവഗണിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ അിശ്ചിതമായി നീളുന്നതെന്നും ചില പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രിയ നേതാക്കള്‍ക്കായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ വരെ നടത്തിയ നേതാക്കളും പ്രവര്‍ത്തകരും നെയ്യാറ്റിന്‍കര മണ്ഡലത്തിലുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള രണ്ടോ മൂന്നോ ദിവസം നാട്ടിലെങ്ങും വര്‍ത്തമാനം മുഖ്യമന്ത്രി ആരാകുമെന്നായിരുന്നു. പിന്നീട് പതിയെ അത്തരം അന്വേഷണങ്ങള്‍ പരിഹാസത്തിന്റെ രൂപത്തിലേയ്ക്ക് പരിണമിച്ചുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നു മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ അഞ്ച് കോൺഗ്രസ് നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
District News
മുക്കം: കൊടിയത്തൂരിൽ 2017 ജൂലൈ 15ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി പ്രസിഡന്റിന്റെ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അന്നത്തെ പ്രസിഡന്റായിരുന്ന സി.ടി.സി. അബ്ദുള്ള നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളെ കോടതി വെറുതേവിട്ടു.
മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. യുഡിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ കെ.ടി. മൻസൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി. സൂഫിയാൻ, ബഷീർ പുതിയോട്ടിൽ, കരീം പഴങ്കൽ, റഹ്മത്തുള്ള പരവരിയിൽ, അബു വളപ്പിൽ തോട്ടുമുക്കം എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് താമരശേരി മജിസ്ട്രേറ്റ് ടി.ടി. ഷഹബാനു മുത്തു വെറുതേവിട്ടത്.
സി.ടി.സി. അബ്ദുള്ളയെയും മെംബറായിരുന്ന കെ.പി. ചന്ദ്രനെയും അസി. എൻജിനിയർ അടക്കമുള്ള സാക്ഷികളെയും കോടതി വിസ്തരിച്ചു. അഞ്ച് വർഷം നീണ്ട വിചാരാനടപടികൾക്കു ശേഷമാണ് പ്രതികളെ വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് കോടതി നടപടി. പ്രതികൾക്കു വേണ്ടി അഡ്വ. സി.ടി. അഹമ്മദ്ക്കുട്ടി കോടതിയിൽ ഹാജരായി.