കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ അർധവാർഷിക സംയോജിത അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം വർധിച്ച് 6,103 കോടിയിലെത്തി. സംയോജിത വായ്പാ ആസ്തി 42 ശതമാനം വളർച്ചയോടെ 2,09,317 കോടി രൂപയിലെത്തി. സംയോജിത സ്വർണപ്പണയ വായ്പാ ആസ്തി 46 ശതമാനം വർധിച്ച് 1,93,212 കോടി രൂപയായി.
മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അർധവാർഷിക അറ്റാദായം 26 ശതമാനം വർധിച്ച് 5,527 കോടിയായി. മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തി 42 ശതമാനം വളർച്ചയോടെ 1,87,810 കോടിയായി ഉയർന്നു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ ബെൽസ്റ്റാർ മൈക്രോഫിനാൻസിന് 144 കോടിയുടെ അർധവാർഷിക അറ്റാദായമുണ്ട്. മുത്തൂറ്റ് ഹോംഫിൻ 11 കോടി രൂപയുടെയും ഏഷ്യ അസറ്റ് ഫിനാൻസ് 84 കോടി ശ്രീലങ്കൻ രൂപയുടെയും അറ്റാദായം സ്വന്തമാക്കി. നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ മുത്തൂറ്റ് ഗ്രൂപ്പ് മൊത്തം 336 പുതിയ ബ്രാഞ്ചുകൾ തുറന്നു.
ഒക്ടോബർ ഒന്നുമുതൽ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടറായും ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായും ഈപ്പൻ അലക്സാണ്ടർ ഹോൾ ടൈം ഡയറക്ടറായും കെ.ആർ. ബിജിമോൻ സിഇഒ ആയും പുതിയ ചുമതലകളേറ്റിരുന്നു.
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മുത്തൂറ്റ് മണി ലിമിറ്റഡിനെ മുത്തൂറ്റ് ഫിനാൻസുമായി ലയിപ്പിക്കാനും ബോർഡ് അനുമതി നൽകി.