ക്രൈസ്തവരെയും മുസ്ലിംകളെയും പട്ടികജാതി പദവിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന പട്ടികകളിൽ അവരുടെ സമുദായങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവയിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന ക്രൈസ്തവർക്കും മുസ്ലിംകൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിന് അർഹതയുണ്ടാകാം. അതുപോലെ, യഥാവിധി വിജ്ഞാപനം ചെയ്യപ്പെട്ട ഒരു പട്ടികവർഗത്തിൽ പെട്ടവരും നിയമപരമായ നിബന്ധനകൾ പാലിക്കുന്നവരുമാണെങ്കിൽ അവർക്ക് പട്ടികവർഗ പദവിക്കും അർഹതയുണ്ടാകാം.
എന്നാൽ, ജാതിവിവേചനവുമായി ബന്ധപ്പെട്ട പിന്നാക്കാവസ്ഥ നേരിടുന്ന എല്ലാ ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഈ ബദൽ സംവിധാനങ്ങൾ സംരക്ഷണം നൽകണമെന്നില്ല.
പട്ടികജാതിയിൽപെട്ട ഒരാൾ ക്രൈസ്തവമതം സ്വീകരിച്ചാൽ പട്ടികജാതി ആനുകൂല്യങ്ങൾക്കുള്ള അർഹത നഷ്ടപ്പെടുന്നു. അതേസമയം, അദ്ദേഹം ഉൾപ്പെടുന്ന ക്രൈസ്തവ സമുദായം ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ആ വിഭാഗത്തിനുള്ള സംവരണത്തിനും അർഹത ലഭിക്കണമെന്നില്ല.
ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ജാതികളിൽനിന്ന് ക്രൈസ്തവമതത്തിലേക്കോ ഇസ്ലാമിലേക്കോ പരിവർത്തനം ചെയ്തവർ ഇന്നും ജാതിവിവേചനവും അതുമായി ബന്ധപ്പെട്ട പിന്നാക്കാവസ്ഥയും നേരിടുന്നുണ്ടെങ്കിൽ, നിലവിലുള്ള സംവിധാനം അവരുടെ അവസ്ഥയെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. അതോ, വിവേചനം തുടരുമ്പോഴും സംവരണവും മറ്റ് അനുകൂല നടപടികളും വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളിൽനിന്ന് അവരെ ഒഴിവാക്കുന്ന സാഹചര്യം ഈ സംവിധാനം സൃഷ്ടിക്കുന്നുണ്ടോ?
നിയമപരമായ വർഗീകരണവും സാമൂഹിക യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ഇവിടെ പരിഗണനയ്ക്ക് വിഷയമാകേണ്ടത്. അടിച്ചമർത്തപ്പെട്ട ഒരു ജാതിയിൽനിന്ന് പാരമ്പര്യമായി കൈമാറിക്കിട്ടിയ സാമൂഹിക അപമാനം, വിവേചനം, സാമ്പത്തിക പിന്നാക്കാവസ്ഥ, സാമൂഹിക ബഹിഷ്കരണം എന്നിവ മതപരിവർത്തനത്തിലൂടെ ഇല്ലാതാകണമെന്നില്ല.
മതപരിവർത്തനം നടത്തിയവരെ അവരുടെ ജന്മജാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയുകയും അവർ പുതിയ മതം സ്വീകരിച്ചിട്ടുണ്ടെങ്കിലും മുമ്പ് ആയിരുന്ന മതത്തിലെ ജാതിയിൽ പെട്ടവരായി കണക്കാക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. ഇത് ഭരണഘടനാപരമായ നീതിയെക്കുറിച്ച് ഗൗരവമേറിയ ഒരു ചോദ്യം ഉയർത്തുന്നു: മതപരിവർത്തനത്തിനു ശേഷവും ജാതിയുമായി ബന്ധപ്പെട്ട പിന്നാക്കാവസ്ഥ തുടരുന്നുണ്ടെങ്കിൽ, അതിന്റെ തുടർപ്രത്യാഘാതങ്ങൾ പരിഗണിക്കാതെ മതപരിവർത്തനം മാത്രം നിയമപരമായ സംരക്ഷണം നഷ്ടപ്പെടുന്നതിനുള്ള ന്യായീകരണമാകുമോ?
ജാതിവിവേചനം നേരിടുന്ന ക്രൈസ്തവരുടെയും മുസ്ലിംകളുടെയും ഇന്നത്തെ അവസ്ഥ, അവർ അനുഭവിക്കുന്ന വിവേചനത്തിന്റെ സ്വഭാവം, ഒബിസി ഉൾപ്പടെയുള്ള നിലവിലെ ആനുകൂല്യങ്ങൾ അവരുടെ പിന്നാക്കാവസ്ഥ എത്രത്തോളം പരിഹരിക്കുന്നു എന്നിവയെക്കുറിച്ച് വിശ്വസനീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതോടൊപ്പം, സമത്വം, വിവേചനനിരോധനം, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ തത്ത്വങ്ങളും നിലവിലുള്ള നിയമസംവിധാനത്തെ നിർണയിക്കുന്ന കോടതിവിധികളും ഈ ചർച്ചയിൽ പരിഗണിക്കപ്പെടണം.
ചരിത്രപരവും നിയമപരവുമായ ഈ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾ
1. വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, പ്രാതിനിധ്യം, വിവേചനം തുടങ്ങിയ മേഖലകളിൽ കാലക്രമേണ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളും സംസ്ഥാനം ഇടയ്ക്കിടെ പുനഃപരിശോധിക്കേണ്ടതല്ലേ?
2. സാമ്പത്തിക നിലയിലോ മതത്തിലോ മാറ്റങ്ങൾ വന്നാലും, ജാതിയുടെ പേരിലുള്ള പിന്നാക്കാവസ്ഥ തുടരുന്നുണ്ടെന്ന് എങ്ങനെ തെളിയിക്കാനാകും?
3. സംവരണത്തിന്റെ ആനുകൂല്യങ്ങൾ അർഹരായ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്കും ലഭിക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാം? സമുദായങ്ങളെ സംവരണപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുന്നതിനും എന്തെല്ലാം തെളിവുകൾ അടിസ്ഥാനമാക്കണം?
4. ചരിത്രപരമായ വിവേചനവും ഇന്നും തുടരുന്ന വിവേചനവും വേർതിരിച്ചു കാണേണ്ടതുണ്ട്. സംവരണത്തിന് അർഹത നിശ്ചയിക്കുമ്പോൾ ഭരണാധികാരികൾ ഇക്കാര്യം എങ്ങനെയാണ് പരിഗണിക്കുന്നത്?
5. ജാതിവിവേചനം അനുഭവിക്കുന്ന സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കുമ്പോൾത്തന്നെ, ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ എങ്ങനെ ശക്തിപ്പെടുത്താം?
6. യഥാർഥ സമത്വം ഉറപ്പാക്കാൻ സംവരണത്തോടൊപ്പം വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങൾ, വിവേചനവിരുദ്ധ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കൽ, സാമ്പത്തിക സഹായം എന്നിവ എങ്ങനെ സംയോജി പ്പിക്കണം?
ഇവ വെറും രാഷ്ട്രീയമോ വർഗീയമോ ആയ ചോദ്യങ്ങൾ അല്ല, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എങ്ങനെ വ്യാഖ്യാനിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചോദ്യങ്ങളാണ്.
കാലത്തിനനുസരിച്ച് പുനഃപരിശോധിക്കുക
ഇന്ത്യയിലെ സംവരണ വ്യവസ്ഥയുടെ ലക്ഷ്യം സമത്വം ഉറപ്പാക്കുകയും ചരിത്രപരമായ അനീതികൾ തിരുത്തുകയും ചെയ്യുക എന്നതാണ്. തൊട്ടുകൂടായ്മ ഭരണഘടന നിരോധിച്ചിട്ടുണ്ടെങ്കിലും ജാതിവിവേചനവും ജാതിയുടെ പേരിലുള്ള അസമത്വങ്ങളും സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. അതുകൊണ്ട്, സംവരണ നയങ്ങൾ കാലത്തിനനുസരിച്ച് വിശ്വസനീയമായ തെളിവുകളുടെയും ഭരണഘടനാ തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ പുനഃപരിശോധിക്കേണ്ടതുണ്ട്.
സാമൂഹിക വിഭാഗങ്ങളെ സ്ഥിരമായി വേർതിരിച്ചുനിർത്തുക എന്നതല്ല സംവരണത്തിന്റെ ലക്ഷ്യം. മറിച്ച്, ചരിത്രപരമായ അനീതികൾ മൂലം ഇന്നും നിലനിൽക്കുന്ന പിന്നാക്കാവസ്ഥയും അസമത്വവും പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് സംവരണം. ആത്യന്തികമായി, ഒരാളുടെ ജാതി അയാളുടെ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളെയോ സാമൂഹിക പുരോഗതിയെയോ നിർണയിക്കാത്ത ഒരു സമത്വസമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം.