ഇരിങ്ങാലക്കുട: ഠാണ - ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്ന സ്റ്റീല്‍ മീഡിയന് അശാസ്ത്രീയമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി. ആവശ്യമായ വീതിയും ശാസ്ത്രീയമായ ഗതാഗതസൗകര്യങ്ങളും ഉറപ്പാക്കാതെയുള്ള മീഡിയന് നിര്‍മാണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ക്കു നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൂതംകുളം മുതല്‍ ചന്തക്കുന്ന് ജംഗ്ഷന്‍വരെ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് സ്റ്റീല്‍ മീഡിയന് സ്ഥാപിക്കുന്നത്. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്തരം മീഡിയന് ഇല്ലാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയിലെ ഏറ്റവും തിരക്കേറിയ ഭാഗത്തുമാത്രം ഇതു സ്ഥാപിക്കുന്നത് അശാസ്ത്രീയമാണെന്ന് നിവേദനത്തില്‍ പറയുന്നു. നാലുവരിപ്പാതയ്ക്ക് ആവശ്യമായ വീതി, മീഡിയന്, നടപ്പാത, റോഡ് ഷോള്‍ഡര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണു നിര്‍മാണം നടത്തുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.
മീഡിയന് സ്ഥാപിക്കുന്നതോ ടെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹന ങ്ങള്‍ക്കു പോലും ഗതാഗതക്കുരുക്കില്‍പ്പെടാതെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. താലൂക്ക് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ടെലഫോണ്‍ എക്സേഞ്ച്, വ്യാപാരസ്ഥാപനങ്ങള്‍, ബിഷപ്സ് ഹൗസ്, കത്തീഡ്രല്‍ ദേവാലയം, മുസ്ലിം പള്ളി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അര കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരും. ഇത് പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് സൗകര്യമില്ലാത്തതും മീഡിയന് മൂലം വാഹനങ്ങള്‍ക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തതും കച്ചവടത്തെ പ്രതികൂലമായി ബാധിക്കും. ഇതു വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുകയും പട്ടണത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് തടസമാകുകയും ചെയ്യുമെന്നാണ് ആശങ്ക. മീഡിയന് നിര്‍മാണം ആരംഭിച്ചതു മുതല്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചതായും നിവേദനത്തില്‍ പറയുന്നു.
സ്റ്റീല്‍ മീഡിയന് നീക്കംചെയ്ത് ഗതാഗതതടസം ഒഴിവാക്കണമെന്നും പകരം ലെയ്ന്‍ മാര്‍ക്കിംഗ്, റിഫ്ലക്ടീവ് സ്റ്റഡുകള്‍ തുടങ്ങിയ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സുഗമമായ യാത്ര ഉറപ്പാക്കണമെന്നും ആക് ഷന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, എസ്എന്‍ബിഎസ് പ്രസിഡന്റ് കിഷോര്‍ നടുവളപ്പില്‍, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ് എന്നിവര്‍ രക്ഷാധികാരികളായും ബിജു പോള്‍ അക്കരക്കാരന്‍ ജനറല്‍ കണ്‍വീനറായും ടെല്‍സണ്‍ കോട്ടോളി ജനറല്‍ സെക്രട്ടറിയായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് ഷാജു പാറേക്കാടന്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ ആ ക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.