കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പണി ഇഴയുന്നത് നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
മൂന്നു സ്പാനുകളിലായി തൂണുകൾക്കു മുകളിൽ നിർമിക്കുന്ന മേൽപാലത്തിന്റെ ജോലികൾ ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാൽ ഒരുമാസത്തിലേറെയായി മന്ദഗതിയിലായിരുന്നു. ഇപ്പോൾ നേരിയ പുരോഗതി ദൃശ്യമാണെങ്കിലും നിർമാണംപൂർത്തിയാകാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മധ്യഭാഗത്തെ സ്പാൻ ഒഴികെ മറ്റു രണ്ടു സ്പാനുകളിലും കമ്പികെട്ടുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ മധ്യ സ്പാനിന്റെ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനിടെ നിർമാണമേഖലയിലെ ഗതാഗത ക്രമീകരണങ്ങൾ കാൽനടയാത്രക്കാർക്ക് പുതിയ ദുരിതമായി മാറിയിരിക്കുകയാണ്. സർക്കാർ പ്രസിനും കൊരട്ടി പോലിസ് സ്റ്റേഷനും സമീപമാണ് നിലവിൽ യു ടേൺ അനുവദിച്ചിട്ടുള്ളത്. ദേശീയപാത മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കിയിരുന്നത് നിർദിഷ്ട മധ്യ സ്പാനിന് അടിയിലൂടെയായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ നിർമാണക്കമ്പനി ജെസിബി ഉപയോഗിച്ച് ഈ ഭാഗത്തെ മണ്ണ് പൂർണമായും നീക്കംചെയ്തതോടെ കാൽനടയാത്രക്കാർക്ക് വഴിയില്ലാതായി.
തുടർന്ന് വടക്കുഭാഗത്തെ സ്പാനിന് അപ്പുറത്ത് മണ്ണിട്ട് താത്കാലിക പാത ഒരുക്കിയെങ്കിലും ഇത് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചു. വീതികുറഞ്ഞ സർവീസ് റോഡിലൂടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഒരുപോലെ കടന്നുപോകേണ്ട സ്ഥിതിയായി.
കൊരട്ടി ജംഗ്ഷനിൽ അങ്കമാലി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ദേശീയപാത മുറിച്ചുകടക്കാൻ നൂറുമീറ്ററോളം പിന്നിലേക്ക് നടക്കേണ്ടിവന്നു. കോനൂർ ഭാഗത്തുനിന്നുള്ളവരും സ്കൂൾ വിദ്യാർഥികളും ഇതേ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുന്നത് അപകടഭീഷണി വർധിപ്പിച്ചു.
റെയിൽവേ മേൽപ്പാലമിറങ്ങി വരുന്ന വാഹനങ്ങളും അങ്കമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങളും സംഗമിക്കുന്ന ഇടുങ്ങിയ സർവീസ് റോഡിലേക്കാണ് ദേശീയപാത മുറിച്ചുകടക്കുന്നവരും എത്തിച്ചേരുന്നത്. വാഹനത്തിരക്കേറിയ ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങളില്ലാതെ കാൽനടയാത്രക്കാരെ കടത്തിവിടുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമായി.
തുടർന്ന് കൊരട്ടി പൊലിസ്, പഞ്ചായത്ത് ജനപ്രതിനിധികളായ ഫിൻസോ തങ്കച്ചൻ, കെ.സി. ജയരാജ്, സിപിഎം പ്രതിനിധി എം.ജെ. ബെന്നി എന്നിവർ നിർമാണക്കമ്പനി പ്രതിനിധിയുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി താൽക്കാലിക റോഡ് തെക്കുഭാഗത്ത് ഒരുക്കി.