കണ്ണൂർ: കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി പി.പി. ദിവ്യ.
അന്വേഷണം നടക്കട്ടെ, സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല- ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.
അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവയ്ക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്നു വിറച്ച് മാളത്തിലൊളിക്കാനും തയാറല്ല.
ജനകീയ മുഖംമൂടി ധരിച്ചു രാഷ്്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്നു മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖംമൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അന്വേഷണത്തിലേക്ക് നയിച്ചത് കെഎസ്യു നേതാവിന്റെ പരാതി
കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേയുള്ള വിജിലൻസ് അന്വേഷണത്തിലേക്കു നയിച്ചത് കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതി.
2025 ജനുവരി 22നാണ് ‘കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തെക്കുറിച്ചും, കമ്പനിക്ക് വഴിവിട്ട് ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ നൽകിയതിന്റെ രേഖകളും പത്രസമ്മേളനത്തിൽ ഷമ്മാസ് പുറത്തുവിട്ടത്.
ഫെബ്രുവരി 21ന് തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നേരിട്ടെത്തി അഴിമതിയും ബിനാമി ഇടപാടുകളും സംബന്ധിച്ച് തെളിവുകൾ സഹിതം വിജിലൻസ് ഡയറക്ടർക്കു പരാതിയ നൽകി.
എന്നാൽ, ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കുകയോ തുടർനടപടികൾ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം പോലും മറുപടി നൽകുകയോ ചെയ്തില്ല.ഇതേത്തുടർന്ന് ഓഗസ്റ്റ് 18ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.