തൊടുപുഴ: ആനത്താരയിലെ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് ഇഎസ്എയേക്കാള് ഭയാനകമാണെന്നും 450ലേറെ വില്ലേജുകളിലെ 80 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി പറഞ്ഞു.
തൊടുപുഴയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണത്തിനായി കൊണ്ടുവന്ന നിയമത്തെ ജനദ്രോഹനിയമമാക്കി മാറ്റിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളില്‍ ഇരകളാകുന്ന മനുഷ്യരെ സഹായിക്കുന്നതിനായാണ് എല്‍ഡിഎഫ് ഭരണകാലത്ത് വന്യജീവി ആക്രമണത്തെ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്.
സദുദ്ദേശ്യത്തോടെ സ്വീകരിച്ച ഈ നടപടിയെ ദുരുപയോഗം ചെയ്ത് ആനത്താരകളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടുന്നതിനായി ജനങ്ങള്‍ നിര്‍മിച്ച വേലികളും തടസങ്ങളും മതിലുകളും പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്യജീവി ആക്രമണം പ്രധാന പ്രചാരണ വിഷയമാക്കിയ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വന്യജീവി ആക്രമണത്തെ മനുഷ്യ-വന്യജീവി സഹവാസം എന്ന നിലയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ നിലപാടുമാറ്റത്തിന്റെ മറ്റൊരു പതിപ്പാണ് ഇടുക്കിയിലെ ആനത്താര ഉത്തരവ്. മൂന്നാറിനും കുമളിക്കുമിടയില് ആനത്താരകള്‍ സൃഷ്ടിക്കണമെന്നതാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. ഇതിനു പിന്നില്‍ കര്‍ഷക കുടിയിറക്ക് തന്നെയാണ് അജണ്ട. അതിനാല്‍ എത്രയുംവേഗം ദുരന്ത നിവാരണ ഉത്തരവ് പിന്‍വലിക്കണം.
വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ പശ്ചിമഘട്ടത്തിലെ 315 വനപഞ്ചായത്തുകളില് കേരള കോണ്‍ഗ്രസ്-എം പ്രക്ഷോഭം ആരംഭിക്കും. ആദ്യഘട്ടം ഇടുക്കി ജില്ലയില്‍ നിന്ന് തുടക്കംകുറിക്കും.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഒമ്പതുജില്ലകളിലെ 25 വില്ലേജുകളിലെ കൃഷിഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഇടുക്കി ജില്ലയിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.