നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) ആഗോള വ്യോമയാന കൺസൾട്ടൻസി മേഖലയിലേക്കു ചുവടുവയ്ക്കുന്നു. സിയാലിന്റെ പുതിയ സംരംഭമായ സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് (എയ്സസ് ) 24ന് മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കേവലം വിമാനത്താവള നടത്തിപ്പിൽ ഒതുങ്ങാതെ തങ്ങളുടെ ആഗോള നിലവാരത്തിലുള്ള വൈദഗ്ധ്യം മറ്റു വിമാനത്താവളങ്ങൾക്കും വ്യോമയാന സ്ഥാപനങ്ങൾക്കും ലഭ്യമാക്കുകയാണ് എയ്സെസിലൂടെ സിയാൽ ലക്ഷ്യമിടുന്നത്. വിമാനത്താവള നിർമാണം, എൻജിനിയറിംഗ്, സുരക്ഷ, വാണിജ്യ മാനേജ്മെന്റ്, ഡിജിറ്റൽവത്കരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ സിയാൽ കൈവരിച്ച നേട്ടങ്ങളും പ്രായോഗിക അറിവുകളും ഇനി മറ്റു സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും.
ഇന്ത്യയിലും വിദേശത്തുമുള്ള സർക്കാർ ഏജൻസികൾ, റെഗുലേറ്ററി അഥോറിറ്റികൾ, എയർപോർട്ട് ഓപ്പറേറ്റർമാർ, വിമാന കമ്പനികൾ, നിക്ഷേപകർ എന്നിവർക്ക് ഈ സേവനങ്ങൾ ലഭ്യമാകും. രണ്ടു പ്രധാന വിഭാഗങ്ങളിലായാണ് ഇതിന്റെ പ്രവർത്തനം.
വ്യോമയാന കൺസൾട്ടൻസി ആൻഡ് അഡ്വൈസറി വിഭാഗത്തിൽ എയർപോർട്ട് മാസ്റ്റർ പ്ലാനിംഗ്, നിർമാണം, വാണിജ്യ മാനേജ്മെന്റ്, റെഗുലേറ്ററി വിഷയങ്ങൾ എന്നിവയിൽ തന്ത്രപരമായ ഉപദേശങ്ങളും പിന്തുണയും നൽകും. രണ്ടാമത്തെ വിഭാഗമായ എയർപോർട്ട് സർവീസസ്, ഓഡിറ്റ് ആൻഡ് ടെക്നിക്കൽ സപ്പോർട്ടിൽ സിയാലിന്റെ വിദഗ്ധരെ മറ്റ് വിമാനത്താവളങ്ങളിൽ നേരിട്ട് നിയോഗിച്ച് സാങ്കേതിക പിന്തുണ, ഓഡിറ്റുകൾ, പ്രകടനശേഷി വർധിപ്പിക്കാനുള്ള ഇടപെടലുകൾ എന്നിവ നടപ്പിലാക്കും.
പരമ്പരാഗത കൺസൾട്ടൻസി രീതികളിൽനിന്നു വ്യത്യസ്തമായി പ്രായോഗിക തലത്തിൽ നേരിട്ട് സേവനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്ന മാതൃകയാണ് എയ്സസ് വിഭാവനം ചെയ്യുന്നത്. എയർപോർട്ട് പ്ലാനിംഗ്, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, കാർഗോ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, റിയൽ എസ്റ്റേറ്റ് വികസനം, സേഫ്റ്റി ഓഡിറ്റുകൾ തുടങ്ങിയ സമഗ്ര സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
കൊച്ചിക്കു പുറത്തേക്കു സിയാലിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനൊപ്പം കമ്പനിക്കു സുസ്ഥിരമായ ഒരു പുതിയ വരുമാന സ്രോതസ് സൃഷ്ടിക്കാനും ഈ പദ്ധതി വഴിയൊരുക്കുമെന്നു സിയാൽ മാനേജ്മെന്റ് വ്യക്തമാക്കി.