വണ്ടിപ്പെരിയാർ: മണ്ഡലകാലത്തിനോടനുബന്ധിച്ച് വണ്ടിപ്പെരിയാർ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പുതിയ കൺട്രോൾ റൂം തുറന്നു. ജില്ലാ പൊലിസ് മേധാവി എ. നസീം ഉദ്ഘാടനം ചെയ്തു.
അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് വണ്ടിപ്പെരിയാറെന്നും അതിനാലാണ് ഇവിടെ പ്രത്യേകം കൺട്രോൾ റൂം തുറന്നതെന്നും ജില്ലാ പൊലിസ് മേധാവി വിശദീകരിച്ചു. വണ്ടിപ്പെരിയാർ, കുമളി, കുട്ടിക്കാനം, അഴുത, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലായി 389 പൊലിസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 10 ഡിവൈഎസ്പിമാർ, 20 സിഐമാർ, 36 എസ്ഐമാർ അടങ്ങുന്ന സംഘമാണ് ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലുടനീളം 1,114 പൊലിസുകാർ സുരക്ഷാ ചുമതലയ്ക്ക് ഉണ്ടാകുമെന്ന് ഡെപ്യൂട്ടി എസ്പി സാം ജോസ് പറഞ്ഞു. അയ്യപ്പഭക്തർ പ്രധാനമായി എത്തുന്ന പരുന്തുംപാറ, സത്രം എന്നിവടങ്ങളിൽ വണ്ടിപ്പെരിയാറിലെ പാർക്കിംഗ് സംവിധാനവും ജില്ലാ പൊലിസ് മേധാവി പരിശോധിച്ചു.