നടൻ നാനാ പടേക്കറുടെ മരണത്തിനു പിന്നാലെ നടി തനുശ്രീ ദത്ത നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾ. നടന്റെ വിയോഗവാർത്ത പുറത്തുവന്നതിനു പിന്നാലെ 'ഈവിൾ ഡെഡ്' എന്നാണ് തനുശ്രീ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. സംഭവം സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായതോടെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തി.
നാനാ പടേക്കറുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുംബൈയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് തനുശ്രീ തന്റെ പഴയ അനുഭവങ്ങൾ ഓർത്തെടുത്ത് വിശദീകരണം നൽകിയത്. താൻ കടന്നുപോയ മാനസിക ബുദ്ധിമുട്ടുകൾ മറ്റുള്ളവർ മനസിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
"എന്നെ സംബന്ധിച്ച് അദ്ദേഹം ഈവിൾ ഡെഡ് തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ കടന്നുപോയ വഴികളും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും വലുതാണ്. ഒരു ഇരയെന്ന നിലയിൽ ഞാൻ എത്രമാത്രം സമ്മർദങ്ങൾ നേരിട്ടു! കേസ് പിൻവലിക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു. പല വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഞാൻ അതിന് തയാറായില്ല," തനുശ്രീ പറഞ്ഞു. എങ്കിലും നാനാ പടേക്കറുടെ കുടുംബത്തിന് അവർ അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. "ഇതൊട്ടും വിശ്വസിക്കാനാവുന്നില്ല. ഇന്ന് എന്റെ സ്റ്റോറി ടൈംലൈൻ ആകെ മാറിമറിഞ്ഞു. ആ തിന്മ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ ജീവിതം മെച്ചപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു," എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
എന്നാൽ തനുശ്രീയുടെ ഈ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 'നിങ്ങളുടെ നാക്ക് നിയന്ത്രിച്ചാൽ കൊള്ളാം', 'കുറച്ച് മനുഷ്യത്വം ഉണ്ടായാൽ നന്ന്' എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
നടൻ മരിച്ചതിനു പിന്നാലെ ഇത്തരം പരാമർശങ്ങൾ നടത്തിയ തനുശ്രീയുടെ നടപടിയെ അപലപിച്ച് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും രംഗത്തെത്തി. "മരണശേഷം ഒരാളെക്കുറിച്ച് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. സിനിമാ മേഖലയിൽ ഇതുവരെ ആരും ഒരാളുടെ മരണശേഷവും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. നിങ്ങളാണ് ആദ്യത്തെയാൾ; നിങ്ങളായിരിക്കും അവസാനത്തെയാളെന്നും ഞങ്ങൾ പ്രാർഥിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ എന്താണ് പറയേണ്ടതെന്നും എപ്പോഴാണ് മൗനം പാലിക്കേണ്ടതെന്നും ഈ മേഖലയിലുള്ളവർക്ക് അറിയാം. നിങ്ങളുടെ നാക്കിന്മേൽ നിങ്ങൾ നിയന്ത്രണം പാലിക്കേണ്ടിയിരുന്നു," എന്നാണ് അസോസിയേഷൻ പ്രതികരിച്ചത്.
ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു തനുശ്രീ ദത്തയുടേത്. 2008-ൽ പുറത്തിറങ്ങിയ 'ഹോൺ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു നടിയുടെ ആരോപണം. മുംബൈയിലെ ഫിലിംസ്ഥാൻ സ്റ്റുഡിയോയിൽ വച്ചായിരുന്നു സംഭവം. എന്നാൽ തനുശ്രീയുടെ ആരോപണങ്ങൾ നാനാ പടേക്കർ നിഷേധിച്ചിരുന്നു. തുടർന്ന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ൽ മുംബൈ പൊലിസ് കേസിൽ അവസാന റിപ്പോർട്ടും സമർപ്പിച്ചിരുന്നു.