രാധിക ആപ്തെയുമായി നടത്തിയ സംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കീർത്തി സുരേഷ്. തെന്നിന്ത്യയിലെ ചില പരമ്പരാഗത വിവാഹരീതികളെക്കുറിച്ച് നടി പറഞ്ഞത് വിവാദമായിരുന്നു.
അമ്മയുടെ സഹോദരനെ വിവാഹം കഴിക്കുന്ന രീതി കേരളത്തിൽ ഇല്ലെന്നും അത് തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമുള്ള സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് രാധികയുമായുള്ള സംഭാഷണത്തിൽ പറഞ്ഞതെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി.
അത്തരമൊരു ആചാരരീതിയെക്കുറിച്ച് അറിയാത്ത ഒരാളോട് ആ വിവരം പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരെയും അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും കീർത്തി പറഞ്ഞു.
നെറ്റ്ഫ്ലിക്സ് പ്രോജക്റ്റായ 'അക്ക'യുടെ പ്രചാരണാർഥം നൽകിയ ഒരു അഭിമുഖത്തിലാണ് രാധിക ആപ്തെ തനിക്കുണ്ടായ അസുഖകരമായ അനുഭവം പങ്കുവച്ചത്.
കരിയറിന്റെ തുടക്കക്കാലത്ത് അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് സ്വന്തം മാമനെ (അമ്മയുടെ സഹോദരനെ) വിവാഹം കഴിക്കേണ്ടി വന്നതിനെക്കുറിച്ചും, തന്നെക്കാൾ വളരെ മുതിർന്ന നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ചും രാധിക സംസാരിച്ചിരുന്നു
തമിഴ്, തെലുങ്ക് മേഖലകളിലെ ചില സമുദായങ്ങളിൽ നിലനിൽക്കുന്ന ഇത്തരം ആചാരങ്ങളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അന്ന് കീർത്തി ഇതിനോട് പ്രതികരിച്ചത്. എന്നാൽ കീർത്തിയുടെ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും രൂക്ഷമായ വിമർശനങ്ങൾക്കും വഴിവെച്ചു.
വിവാദങ്ങൾ ഉയർന്നതോടെയാണ് കീർത്തി നിലപാട് വ്യക്തമാക്കിയത്. തന്റെ അറിവിൽ കേരളത്തിൽ ഇത്തരം ആചാരങ്ങളില്ലെന്നും, തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും ചില സമുദായങ്ങളിൽ മാത്രമാണ് ഇത് ഇപ്പോഴും കണ്ടുവരുന്നതെന്നും താരം പറഞ്ഞു. അതേസമയം കർണാടകയിലെ സാഹചര്യം തനിക്ക് കൃത്യമായി അറിയില്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.
മറ്റൊരു നാടിന്റെ സംസ്കാരത്തെക്കുറിച്ച് ധാരണയില്ലാത്ത ഒരാൾക്കു മുന്നിൽ ആ ആചാരത്തെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് കീർത്തിയുടെ വിശദീകരണം. രാധികയ്ക്ക് ആ സാംസ്കാരിക പശ്ചാത്തലം മനസിലാക്കിക്കൊടുക്കുക എന്നതല്ലാതെ, ഏതെങ്കിലും സമുദായത്തെ അപമാനിക്കാനോ അല്ലെങ്കിൽ ഈ ആചാരത്തെ വ്യക്തിപരമായി പിന്തുണയ്ക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. അതേസമയം, തന്റെ സംസ്കാരത്തെ മനഃപൂർവം താഴ്ത്തിക്കെട്ടാൻ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും കീർത്തി വ്യക്തമാക്കി.
എന്നാൽ, കീർത്തിയുമായുള്ള ചർച്ചയിൽ ആചാരങ്ങളെക്കുറിച്ചുള്ള സംസാരത്തിനപ്പുറം, കഥാപാത്രങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും ആ തെലുങ്ക് സിനിമയുടെ സെറ്റിലുണ്ടായ അസ്വസ്ഥതകളുമായിരുന്നു രാധിക ആപ്തെ പ്രധാനമായും സംസാരിച്ചത്.