ന്യൂഡൽഹി: സഹകരണ ബാങ്കുകളുടെ നിർമാണകരാറും പൊതുയോഗ മിനിറ്റ്സും വിവരാവകാശ നിയമപ്രകാരം അംഗങ്ങൾക്കു ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീംകോടതി.
എറണാകുളം ജില്ലയിലെ മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന വാദവും അന്വേഷണം പ്രഖ്യാപിച്ചാൽ മാത്രമേ രേഖകൾ പരിശോധിക്കാൻ കഴിയൂവെന്ന വാദവും കോടതി തള്ളി.
ഒരു പൊതു അധികാരിക്ക് സഹകരണ സംഘത്തിന്റെ രേഖകൾ പരിശോധിക്കാൻ അധികാരമുള്ളപ്പോൾ വിവരാവകാശ നിയമപ്രകാരം അംഗങ്ങൾക്കു ലഭിക്കേണ്ട വിവരങ്ങൾ മറച്ചുവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സഹകരണ സംഘത്തിൽ അംഗമായ വ്യക്തി ബാങ്കിൽനിന്ന് ആവശ്യപ്പെട്ട രണ്ടു രേഖകൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
രജിസ്ട്രാർക്കു രേഖകൾ പരിശോധിക്കാൻ അധികാരമുള്ളപ്പോൾ വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(എഫ്) പ്രകാരം അംഗങ്ങൾക്കു വിവരങ്ങൾ നൽകാൻ ബാങ്ക് ബാധ്യസ്ഥമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.