തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ലോകത്ത് 12 മേഖലകളിലായി ‘ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകളും’ നാല് വിഷയാധിഷ്ഠിത ‘ഹെൽപ്പ് ഡെസ്കുകളും’ രൂപീകരിക്കും.
കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.
ജർമനി, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, വെസ്റ്റ്ആൻഡ് നോർത്തേൺ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സൗത്ത് ആൻഡ് സെൻട്രൽ ആഫ്രിക്ക, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഈസ്റ്റ് ഏഷ്യ, ആസിയാൻ രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ് ആൻഡ് റഷ്യ, ഇറ്റലി ആൻഡ് മാൾട്ട, യുകെ ആൻഡ് അയർലണ്ട് എന്നീ മേഖലകളിലാണ് കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുക.
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി കോ-ഓർഡിനേഷൻ ഡെസ്ക്, സുരക്ഷിതമായ കുടിയേറ്റ ബോധവത്കരണത്തിനായി മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, നാടിന്റെ വികസനത്തിൽ പ്രവാസിപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നിവയാണ് നാല് പ്രധാന ഹെൽപ്പ് ഡെസ്കുകൾ. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കുക.