National
ചെന്നൈ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നു ഇരുവരെയും. ഈ സമയമാണ് സംഭവം.
ശുചിമുറിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ ഉദ്യോഗസ്ഥ ഇതേക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമ സബ് ഇൻസ്പെക്ടർ ആണെന്ന് കണ്ടെത്തി.
ഉടൻതന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ഫോണിൽ നിന്ന് വീഡിയോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പോലീസുകാരൻ ആരോപണങ്ങൾ നിഷേധിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് സബ് ഇൻസ്പെക്ടറും യൂട്യൂബറും പ്രതികൾ. കാൺപുരിലെ സചെണ്ടിയിലാണ് സംഭവം. 14കാരിയാണ് പീഡനത്തിനിരയായത്.
യൂട്യൂബർ ശിവ്ബരൻ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്.
പെൺകുട്ടിയെ ഇരുവരും തിങ്കളാഴ്ച രാത്രി 10ഓടെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്ത് എത്തിച്ചതിനുശേഷം രണ്ടുമണിക്കൂറോളം പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് സംഘം മടങ്ങി.
പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്. യൂട്യൂബറെ പിടികൂടിയ പോലീസ്, കുറ്റകൃതൃത്തിന് ഉപയോഗിച്ച അമിത്തിന്റെ കാർ പിടിച്ചെടുത്തു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരനായ അമിത് കുമാറിനെ രക്ഷിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തുവെന്നും കേസിൽ പോക്സോ വകുപ്പ് പോലീസ് ചേർത്തില്ലെന്നും കേസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും പെൺകുട്ടിയുടെ കുടുംബം കൂട്ടിച്ചേർത്തു.
ഇതേതുടർന്ന് സംഭവത്തിൽ കേസെടുക്കുന്നതിൽ അനാസ്ഥ കാണിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ദിനേശ് ചന്ദ്ര ത്രിപാഠിയെ നീക്കം ചെയ്യുകയും സചെണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിക്രം സിംഗിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർ രഘുബീർ ലാൽ ആണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.