നോയിഡ: ഗ്രേറ്റർ നോയിഡയിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി 500 മീറ്ററോളം റോഡിലൂടെ പാഞ്ഞു. ട്രാഫിക് കോൺസ്റ്റബിൾ ഗുർമീത് ചൗധരിയെയും കൊണ്ടാണ് വാഹനം ചീറി പാഞ്ഞത്.
ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഒരു ചുവന്ന കാർ ഗുർമീതിനെ ഇടിക്കുകയായിരുന്നു. ബോണറ്റിലേക്ക് വീണ ഗുർമീതുമായി കാർ മുന്നോട്ടുപോയി. തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. സംഭവത്തിൽ ഗുർമീതിന് നിസാര പരിക്കേറ്റു.
സംഭവത്തിൽ വാഹനമോടിച്ച അജ്ഞാത ഡ്രൈവർക്കെതിരെ കേസെടുത്തെന്നും വാഹനം പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു. കൊലപാതകശ്രമം, അമിതവേഗതയിൽ വാഹനമോടിക്കൽ തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
Tags : Greater Noida Cop car Drags