കോപൈലറ്റിൽ പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്. ഒരേ സമയം ഒന്നിലധികം എഐ മോഡലുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ക്രിട്ടിക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ, കോപൈലറ്റിലെ റിസർച്ചർ ഏജന്റ് ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും.
ഇനി മുതൽ ഒരൊറ്റ മോഡലിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകളെ ഒരേസമയം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എഐ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത്.
ഇതിൽ ജിപിടി മറുപടികൾ തയ്യാറാക്കുമ്പോൾ, അവയുടെ കൃത്യതയും ഗുണമേന്മയും ക്ലോഡ് പരിശോധിച്ച് ഉറപ്പുവരുത്തും. ഭാവിയിൽ ഈ പ്രക്രിയ തിരിച്ചും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
വിവിധ കമ്പനികളുടെ എഐ മോഡലുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് വഴി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, എഐ തെറ്റായ വിവരങ്ങൾ നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് 365 വൈസ് പ്രസിഡന്റ് നിക്കോൾ ഹെർസ്കോവിറ്റ്സ് പറഞ്ഞു.
ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്സിന്റെ ക്ലോഡ് കോവർക്ക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ കോപൈലറ്റ് അസിസ്റ്റന്റിൽ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിലവിൽ ഫ്രോണ്ടിയർ പ്രോഗ്രാമിലെ അംഗങ്ങൾക്കായി ഈ പുതിയ ഫീച്ചറുകൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.