കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗൺലിസർമാർക്ക് നോട്ടീസ് നൽകി. ഈ മാസം 22 ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മിഷന്റെ നടപടി. നിലവിലെ ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മിഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മിഷൻ കേൾക്കും.
പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.
പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.