വാഷിംഗ്ടൺ ഡിസി: വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവച്ച് ദമ്പതികൾക്ക് നേരെ കരടിയുടെ ക്രൂരമായ ആക്രമണം. റിട്രീറ്റ് സെന്റർ ഉടമകളായ ജെഫ് വിൽസൺ, മലോറി വിൽസൺ എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ഇവർക്ക് രക്ഷകയായി തങ്ങളുടെ ജീവൻ പോലും പണയംവച്ച് പോരാടിയ കാസി എന്ന ഫ്രഞ്ച് ബുൾഡോഗ് നായ പരിക്കേറ്റു ചത്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം.
നായ തുടർച്ചയായി കുരച്ചതിനെ തുടർന്ന് പുറത്തിറക്കിയ ജെഫിനെ കരടി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജെഫിന്റെ നിലവിളി കേട്ടെത്തിയ ഭാര്യ മലോറിയെയും കരടി വെറുതെവിട്ടില്ല.
ആക്രമണത്തിൽ ജെഫിന്റെ വാരിയെല്ലുകൾ ഒടിയുകയും ശരീരമാസകലം മാന്തേറ്റ ഗുരുതര പരുക്കുകൾ ഉണ്ടാവുകയും ചെയ്തു. മലോറിയുടെ തലയ്ക്കും ശക്തമായ പരിക്കേറ്റിട്ടുണ്ട്.
ദമ്പതികളെ രക്ഷിക്കാൻ മുന്നിൽ നിന്ന വളർത്തുനായ്ക്ക് ഗുരുതര പരുക്കുകൾ ഏറ്റിരുന്നു. ഉടൻ തന്നെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.