ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ഭാരവാഹികൾക്കെതിരേ കോടതിയലക്ഷ്യ നോട്ടീസ്. ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും മുകളിൽ ആരുമില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം രാഷ്ട്രീയ സൗകര്യമല്ലെന്നും കോടതി വ്യക്തമാക്കി. വിമർശനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും, ഭീഷണിപ്പെടുത്താനോ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്താനോ അഭിപ്രായ സ്വാതന്ത്ര്യത്തെ കവചമായി ഉപയോഗിക്കാനോ അനുവദിക്കില്ലെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 12ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സുപ്രീംകോടതി മാർച്ചിനു പിന്നാലെയാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചീഫ് ജസ്റ്റീസിനെതിരേ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പിന്നീട് നീക്കംചെയ്തെങ്കിലും വ്യാപക വിമർശനത്തിന് കാരണമായിരുന്നു.
നേതൃത്വത്തിന്റെ അറിവോടെയല്ല പോസ്റ്റ് ഇട്ടതെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞെങ്കിലും വിഷയത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഡിസംബർ 15ന് കേസിൽ അടുത്ത വാദം കേൾക്കും.