ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹാജരായ കോടതി നടപടികൾ അനധികൃതമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി ഹൈക്കോടതിയുടെ കർശന ഇടപെടൽ. സംഭവത്തിൽ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, വീഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി.
ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് വൈഭവ് സിംഗ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ അരവിന്ദ് കേജ്രിവാൾ, മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 13-ന് നടന്ന കോടതി നടപടികളുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും 'ഡൽഹി ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗ് ചട്ടങ്ങളുടെ' ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഗൂഗിൾ, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ) എന്നീ പ്ലാറ്റ്ഫോമുകളോട് വിവാദ വീഡിയോയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. ഇതിനോടകം പല ലിങ്കുകളും നീക്കം ചെയ്തതായി മെറ്റ കോടതിയെ അറിയിച്ചു.
കേന്ദ്ര ഐടി മന്ത്രാലയത്തെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതികമായ എന്ത് നടപടികൾ സ്വീകരിക്കാനാകുമെന്ന് വിശദീകരിക്കാൻ ഐടി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. കേസിൽ വിശദമായ മറുപടി നൽകാൻ എല്ലാ കക്ഷികൾക്കും നിർദേശം നൽകിയ കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ ആറിലേക്ക് മാറ്റി.