മൂന്നാര്‍: റോഡ് വശത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടികൾ ഒച്ചിഴയും വേഗത്തിലെന്നു പരാതി. മൂന്നാര്‍ ടൗണിലെ മരക്കാര്‍ ബില്‍ഡിംഗിനു മുന്നിലെ നടപ്പാത കൈയേറി കച്ചവടം നടത്തിയിരുന്ന 14 പേര് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. കോടതി ഉത്തരവ് വന്ന് നാളുകളായിട്ടും ഉദ്യോഗസ്ഥർ ഇതുവരെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയില്ല. വ്യാപാരം അവസാനിപ്പിക്കണമെന്നു പഞ്ചായത്ത് നിർദേശിച്ചിട്ടും കച്ചവടക്കാൻ അനുസരിക്കാൻ തയാറല്ല.
ജൂലൈ 17 മുതല്‍ ഓഫിസ് കവലയിലും മറ്റ് സ്ഥലങ്ങളിലുമുള്ള 30 കച്ചവടക്കാര്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ കടകള്‍ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ബലമായി പൊളിച്ചുനീക്കുമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. നിയമപരമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രേഖാമൂലം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു.
കച്ചവടക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതെന്ന ആരോപിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി ഇവരുടെ ഭാഗം കൂടി കേൾക്കാൻ പഞ്ചായത്തിനു നിർദേശം നൽകി. എന്നാൽ പഞ്ചായത്തിലോ കോടതിയിലോ തങ്ങൾക്ക് അനുകൂലമായ രേഖകളൊന്നും ഹാജരാക്കാൻ ഹർജിക്കാർക്കായില്ല. ഇതോടെയാണ് അനധികൃത കൈയേറ്റങ്ങളെന്ന് വിധിച്ച് കോടതി ഉത്തരവിട്ടത്.