പയ്യന്നൂര്‍: ക്ഷേത്രഭൂമി കൈയേറി സ്കൂളിന്റെ കളിസ്ഥലമാക്കുന്നതിനായുള്ള നിര്‍മാണം തടഞ്ഞ് കോടതി. മാടായിക്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മാടായിപ്പാറയിലെ റീസർവേ നമ്പര്‍ 30/2 എ യില്‍പെട്ട ക്ഷേത്രഭൂമി കൈയേറി മാടായി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ കളിസ്ഥലമാക്കുന്നതിനായുള്ള സ്റ്റേഡിയം നിര്‍മാണ പ്രവൃത്തികളാണു കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ അധികൃതര്‍, മാടായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി ചിറക്കല്‍ കോവിലകം ദേവസ്വം ട്രസ്റ്റിയും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടർന്നാണ് സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്.
മാടായിക്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രഭൂമി കൈയേറിയാണ് ഇപ്പോള്‍ സ്റ്റേഡിയം നിര്‍മാണം നടക്കുന്നതെന്നും ഈ അനധികൃത നിര്‍മാണം തടയണമെന്നുമുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവുണ്ടായത്. ഇതേത്തുടര്‍ന്ന് ഏതാനും ദിവസമായി നടന്നുവന്ന സ്റ്റേഡിയം നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കരാര്‍ നല്‍കിയതിനെത്തുടര്‍ന്ന് സ്റ്റേഡിയം നിര്‍മാണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണു സ്റ്റേഡിയം നിര്‍മാണം നടക്കുന്ന സ്ഥലം ചിറക്കല്‍ കോവിലകത്തിനു കീഴിലുള്ള മാടായിക്കാവ് ദേവസ്വത്തിന്റേതാണെന്ന തര്‍ക്കമുയര്‍ന്നത്.
1951 ല്‍ രേഖാമൂലം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു സ്വന്തമായി ലഭിച്ച റീസർവേ നമ്പര്‍ 36/1, 2 ല്‍പെട്ട മൂന്നേക്കര്‍ 53 സെന്റ് സ്ഥലമാണ് ഹൈസ്കൂളിനായുള്ള യഥാര്‍ഥ കളിസ്ഥലമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സ്ഥലം ചിലര്‍ മതില്‍കെട്ടി കൈയടക്കിയതായി നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി ചൂണ്ടിക്കാണിച്ചിരുന്നതാണ്. സ്കൂളിനു സ്വന്തമായുള്ള സ്ഥലം തിരിച്ചുപിടിക്കാതെയുള്ള സ്റ്റേഡിയം നിര്‍മാണത്തിനെതിരെ ആക്ഷേപവുമുയര്‍ന്നിരുന്നു.