കാസർഗോഡ്: തെരുവുനായയുടെ കടിയേറ്റ് പശു ചത്തതിനു പിന്നാലെ ക്ഷീരകർഷകൻ ജീവനൊടുക്കി. മുളിയാർ കോട്ടൂർ ബാലനടുക്കത്തെ ടി.എസ്. നാരായണൻ (80) ആണു മരിച്ചത്.
വ്യാഴാഴ്ച രാവിലെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ നാരായണനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണു മരിച്ചത്. വിഷം ഉള്ളിൽ ചെന്നതാണെന്നാണു പ്രാഥമിക വിവരം.
ദിവസങ്ങൾക്കു മുമ്പാണു നാരായണന്റെ പശുവിനു തെരുവുനായയുടെ കടിയേറ്റത്. കുത്തിവയ്പുകൾ എടുത്തെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനു ശേഷം നാരായണൻ കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. നേരത്തേ കാംകോയിൽ ജോലി ചെയ്തിരുന്ന നാരായണൻ വിരമിച്ചതിനു ശേഷമാണു മുഴുവൻസമയ കർഷകനായത്.
നെൽകൃഷിയും കമുക് കൃഷിയും നടത്തിയിരുന്നു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: പദ്മാവതി. മക്കൾ: വിനോദ്, ബിജു, ബിന്ദു. മരുമക്കൾ: സുചിത്ര, രജിത, കൃഷ്ണൻ.