മറയൂർ: തലയാർ എസ്റ്റേറ്റിലെ പാമ്പൻമലൈ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുള്ള പശു ചത്തു.
വിനായകന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഏലക്കാട് എന്നറിയപ്പെടുന്ന ഫീൽഡ് നന്പർ 27-ന് സമീപത്ത് മേയാൻ വിട്ടിരുന്ന പശുക്കൾ പെട്ടെന്ന് വിരണ്ടോടുന്നതു തോട്ടം തൊഴിലാളികൾ ശ്രദ്ധിച്ചു. പരിശോധിച്ചപ്പോൾ ഒരു പശുവിനെ രക്തം വാർന്നു ചത്ത നിലയിൽ കണ്ടെത്തുകയായിരിന്നു.
സ്ഥലവാസികളും വനം വകുപ്പും സംഭവസ്ഥലത്തെത്തി. കാന്തല്ലൂരിൽനിന്നെത്തിയ വെറ്ററിനറി സർജൻ പരിശോധന നടത്തി പുലിയുടെ ആക്രമണത്തിലാണ് പശു ചത്തതെന്നു സ്ഥിരീകരിച്ചു.
പ്രദേശത്തു പുലി ശല്യം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കുട്ടികളെയും കന്നുകാലികളെയും തനിച്ചു വിടാൻ പോലും ഭയക്കുന്ന സ്ഥിതിയായി. വനം വകുപ്പ് ഉടൻ പുലിയെ പിടികൂടാനോ മയക്കുവെടിവയ്ക്കാനോ തയാറായില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് തോട്ടം തൊഴിലാളി യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
Tags : tiger attack in Marayur Cow death Marayur cow death