മധ്യപ്രദേശിലെ ബെതുൽ ജില്ലയിലുള്ള ഝല്ലാർ ഗ്രാമ പഞ്ചായത്തിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്. റോഡിൽ ചത്തുകിടന്ന ഒരു പശുവിന്റെ ജഡം നഗരസഭയുടെ മാലിന്യശേഖരണ വണ്ടിയിൽ കെട്ടിവലിച്ചുകൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ പ്രാദേശിക നിവാസികളും വിവിധ ഗോസംരക്ഷണ സംഘടനകളും രാഷ്ട്രീയ ഹിന്ദുസേന പ്രവർത്തകരും സംഭവത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഈ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.
പ്രാദേശിക ഭരണകൂടം നൽകുന്ന വിശദീകരണമനുസരിച്ച്, പരത്വാഡ റോഡിൽ വച്ച് ഏതൊ ഒരു വാഹനം ഇടിച്ചാണ് പശു ചത്തത്. ഉടമസ്ഥരില്ലാത്ത തെരുവ് പശുവായതിനാൽ ജഡം ഏറ്റെടുക്കാൻ ആരും വരാതിരുന്നതിനെ തുടർന്ന് രണ്ട് ദിവസത്തോളം ഇത് വഴിയരികിൽ തന്നെ കിടന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ജഡം ചീഞ്ഞുതുടങ്ങുകയും പ്രദേശത്താകെ ദുർഗന്ധം വമിക്കാൻ തുടങ്ങുകയും ചെയ്തു.
ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടതോടെയാണ് ജഡം മാറ്റാൻ ശുചീകരണ തൊഴിലാളികൾ തയ്യാറായത്. എന്നാൽ ട്രാക്ടറോ മറ്റ് വലിയ വാഹനങ്ങളോ ഉടനടി സംഘടിപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന്, തൊഴിലാളികൾ ഒരു ഷോറൂമിന് മുന്നിൽ കിടന്നിരുന്ന ജഡം കയറുകൊണ്ട് കെട്ടി ഗ്രാമത്തിലെ മാലിന്യ വണ്ടിയുടെ പിന്നിൽ ഘടിപ്പിച്ച് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു.
ഈ സമയത്ത് ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ തിങ്കളാഴ്ചയോടെ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മൃഗങ്ങളോട് കാണിച്ച ഈ ആനാദരവിനെതിരെ കടുത്ത അമർഷമാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
ചത്തതാണെങ്കിൽ പോലും മൃഗങ്ങളോട് ഇത്തരമൊരു ക്രൂരത കാട്ടരുതായിരുന്നുവെന്നും കൃത്യമായ ആചാരങ്ങളോടെ വേണമായിരുന്നു സംസ്കരിക്കാനെന്നും രാഷ്ട്രീയ ഹിന്ദുസേന സംസ്ഥാന അധ്യക്ഷൻ ദീപക് മാളവ്യ പ്രതികരിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വാഹനം കൃത്യസമയത്ത് ലഭ്യമാകാത്തതിനാലാണ് തൊഴിലാളികൾക്ക് മാലിന്യവണ്ടി ഉപയോഗിക്കേണ്ടി വന്നതെന്ന് ഝല്ലാർ ഗ്രാമ പഞ്ചായത്ത് സർപഞ്ച് മനീഷ് നാർവാരെ സമ്മതിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ വണ്ടി ഡ്രൈവർ നിഖിൽ ബാരസ്കറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും, നിലവിൽ ചട്ടങ്ങൾ പാലിച്ച് പശുവിന്റെ ജഡം കൃത്യമായി സംസ്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.