തിരുവനന്തപുരം: സംസ്ഥാന പോലീസിൽ വീണ്ടും കൂട്ട അഴിച്ചുപണി വരുന്നു. എസ്ഐമാർ മുതൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥ തലം വരെയുള്ള ഉദ്യോഗസ്ഥർക്കാണ് മാറ്റം. ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.
പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം വീണ്ടും എസ്ഐമാരിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ തുടങ്ങുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം. ഇതിനു മുന്നോടിയായുള്ള സ്ഥലം മാറ്റങ്ങളാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇൻസ്പെക്ടർമാരുടെ വ്യാപക മാറ്റം നടന്നിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നിയമിച്ചവരെയും മാറ്റിയിരുന്നില്ല. ഇവരടക്കമുള്ളവരുടെ വ്യാപക സ്ഥലംമാറ്റപ്പട്ടികയാണ് തയാറാകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം 161 ഡിവൈഎസ്പിമാരെ മാറ്റി നിയമിച്ചിരുന്നു.
സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് പകരം ബിവറേജസ് കോർപറേഷനിൽ എംഡിയെ നിയമിക്കേണ്ടതുണ്ട്. നിലവിലെ ഫയർ ആൻഡ് റസ്ക്യു വിഭാഗം മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കും. പകരം ഡിജിപി തസ്തികയിൽ ഫയർഫോഴ്സ് മേധാവിയുടെ നിയമനം നൽകേണ്ടതുണ്ട്.
ചില ജില്ലാ പോലീസ് മേധാവിമാർക്കും മാറ്റം വരുമെന്നാണ് വിവരം. അങ്ങനെ വരുന്പോൾ എസ്പി തലത്തിൽ വീണ്ടും മാറ്റം വരും. ഐജി, ഡിഐജി തലത്തിൽ നേരത്തേ മാറ്റം വരുത്തിയിരുന്നു.
സംസ്ഥാനത്താകെ 484 പോലീസ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 376 എണ്ണത്തിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ. 108 സ്റ്റേഷനുകളിൽ നിലവിലെ ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം തുടരും.