ഡ്രൈവിംഗ് കമ്പവും ഓഫ് റോഡിംഗ് ആവേശവും അതിരുകടന്നാൽ എന്താകും? ഉത്തരം കാണണമെങ്കിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഈ പുതിയ വീഡിയോ കാണണം. റോഡും കാടും മലയും കടന്ന് സാക്ഷാൽ കടലിലൂടെ വാഹനം ഓടിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഒരു സാഹസികപ്രിയൻ.
പാറക്കെട്ടുകൾ നിറഞ്ഞ തീരത്തെ ആഴമില്ലാത്ത വെള്ളത്തിലൂടെ 4x4 വാഹനം യാതൊരു ഭയവുമില്ലാതെ മുന്നോട്ട് നയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ശക്തമായ തിരമാലകൾ വാഹനം ലക്ഷ്യമാക്കി അടിച്ചു കയറുന്നതും വെള്ളത്തിന്റെ പ്രതിരോധം കാരണം വാഹനം മുന്നോട്ട് നീങ്ങാൻ കഷ്ടപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഒടുവിൽ വാഹനത്തിന്റെ കാബിന്റെ ഉള്ളിലേക്ക് പോലും കടൽവെള്ളം ഇരച്ചുകയറുന്നുണ്ടെങ്കിലും, ഡ്രൈവറുടെ മുഖത്ത് ഭയത്തിന്റെ നിഴൽ പോലുമില്ല. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
എന്നാൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ഇത് യഥാർഥത്തിൽ നടന്നതാണോ അതോ ഏതെങ്കിലും കമ്പ്യൂട്ടർ ഗ്രാഫിക്സ് വിദ്യയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുമ്പോൾ, ഇത് ഡ്രൈവിംഗ് അല്ല മറിച്ച് തികഞ്ഞ അശ്രദ്ധയാണെന്ന് മറ്റു ചിലർ കുറ്റപ്പെടുത്തുന്നു.
അതേസമയം ജിടിഎ പോലെയുള്ള ജനപ്രിയ വീഡിയോ ഗെയിമുകളിലെ സാഹസിക രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നാണിതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
"ഇത് ഓഫ്-റോഡല്ല, ഓഫ്-ലാൻഡാണ്" എന്നും, "ഇവിടെ കാർ കഴുകുന്നത് ഈ രീതിയിലാണ്" എന്നും തുടങ്ങി രസകരമായ ഒട്ടേറെ കമന്റുകളാൽ സമ്പന്നമാണ് ഈ വിചിത്രമായ കടൽയാത്രയുടെ വീഡിയോ.