ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനു മുകളില്‍ പുതിയൊരു ചോദ്യമുയര്‍ന്നിരിക്കുന്നു. ബംഗളൂരുവിലുള്ള ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സ് (സിഒഇ) താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള കൃത്യവിവരം സെലക്ടര്‍മാരെ അറിയിക്കുന്നില്ലേ..? എന്നതാണ് ചോദ്യം.
ശ്രീലങ്കയിലേക്കു പുറപ്പെട്ട ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആദ്യം പേസര്‍ ജസ്പ്രീത് ബുംറയെയും ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സായ് സുദര്‍ശനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്കു പുറപ്പെടും മുമ്പുതന്നെ ബുംറ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും പരമ്പരയില്‍ ഉണ്ടാകില്ലെന്നുമുള്ള സ്ഥിരീകരണമെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവനുമായുള്ള ത്രിദിന പരിശീലന മത്സരത്തിന്റെ രണ്ടാം ദിനം മറ്റൊരു അറിയിപ്പെത്തി. സായ് സുദര്‍ശനും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല, ലങ്കന്‍ പര്യടനത്തില്‍ അദ്ദേഹവും ഉണ്ടാകില്ല. സിഒഇയില്നിന്നുള്ള ക്ലീന്‍ ചിറ്റിന്റെ അടിസ്ഥാനത്തില്‍മാത്രമേ ഇരുവരും കളിക്കുകയുള്ളൂ എന്ന് ടീം പ്രഖ്യാപനത്തില്‍ സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ടീമില്‍ ഉള്‍പ്പെടുത്തിയശേഷം എന്തിനാണ് പ്രഹസനം എന്നതാണ് നിരീക്ഷകരുടെ ചോദ്യം. ലങ്കന്‍ പര്യടനത്തിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കില്ലെന്ന് സിഒഇക്ക് ധാരണ ഉണ്ടാകുകയും സെലക്ടര്‍മാരെ അതു കൃത്യമായി അറിയിക്കുകയും ചെയ്താല്‍ പിന്നീടുള്ള പിന്‍വലിക്കലുകള്‍ ഒഴിവാക്കാമായിരുന്നില്ലേ എന്നും ചോദ്യമുയര്‍ന്നു.
എല്ലാം കൃത്യം: ലക്ഷ്മണ്
വി.വി.എസ്. ലക്ഷ്മണ് ആണ് സിഒഇയുടെ തലവന്‍. സിഒഇയും സെലക്ടര്‍മാരും മാനേജ്മെന്റും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്ന് ലക്ഷ്മണ് വ്യക്തമാക്കി. സെലക്ടര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ അതത് സമയത്തെ വിവരങ്ങളാണ് കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി സിഒഇയില്‍ സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് മെഡിസിന് ഒരു തലവന്‍ ഇല്ല. പകരം ആളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു അദ്ഭുത വസ്തുത.