കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പിഎസ്സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നായിരുന്നു പിഎസ്സിയുടെ വാദം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നടപടിക്രമങ്ങളും പുരോഗതിയും സംബന്ധിച്ച തർക്കത്തിനിടെയാണ് കോടതി രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്.
അന്വേഷണത്തിൽ പ്രധാന പ്രതിയെ ചോദ്യം ചെയ്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. 27ന് വീണ്ടും പരിഗണിക്കും. പിഎസ്സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർഥി വി.എസ്.ജയലാലിനെ കക്ഷിയാക്കുകയും ചെയ്തു.