കാഞ്ഞിരപ്പള്ളി: പ്രളയസാധ്യത കുറയ്ക്കുന്നതിനും നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരം ആറുകളുടെയും പുഴകളുടെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചെളി, മണൽ, എക്കൽ എന്നിവ നീക്കം ചെയ്യുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണിമലയാറിന്റെ തീരമായ കരിമ്പുകയത്ത് ജലവിഭവമന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ പദ്ധതി പ്രതിസന്ധിയിലാണെന്നും ഇതു പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വേനൽക്കാലത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കരിമ്പുകയം ജലവിതരണ പദ്ധതിയുടെ ഭാഗമായി 60 ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി പത്യാല, അമ്പിളി സജീവൻ, വാർഡംഗം റിജോ വാളാന്തറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, തഹസിൽദാർ പി.എസ്. സുനിൽകുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിലും പ്രധാന തോടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വർഷങ്ങളായി നദികളുടെയും തോടുകളുടെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചെളി, മണൽ, എക്കൽ എന്നിവ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകുന്നതും വെള്ളപ്പൊക്ക സാധ്യതയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
മുൻ വർഷങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തിൽ നദികളിലെയും തോടുകളിലെയും തടസങ്ങൾ നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരം പദ്ധതി നടപ്പാക്കുന്നത്.