കോട്ടയം: ജില്ലയില്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര നടത്തുന്ന സ്ത്രീകളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. പദ്ധതി പ്രാബല്യത്തിലായി ഒരാഴ്ച പിന്നിടുമ്പോള്‍ 67 ലക്ഷം രൂപയാണ് ജില്ലയില്‍ സീറോ ടിക്കറ്റ് കളക്ഷന്‍. പ്രിയദര്‍ശിനി ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ലയിലെ ഒട്ടുമിക്ക ഡിപ്പോകളിലും 10 ലക്ഷത്തിനു മുകളിലാണ് ഒരാഴ്ചത്തെ സീറോ ടിക്കറ്റ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തുന്ന വൈക്കം ഡിപ്പോയിലാണ് കൂടുതൽ കളക്ഷൻ. 18,96,265 രൂപയാണ് സീറോ ടിക്കറ്റ് കളക്ഷനായി ലഭിച്ചിരിക്കുന്നത്. 87,380 പേരാണ് സൗജന്യ ടിക്കറ്റില്‍ യാത്ര ചെയ്തത്. കോട്ടയം ഡിപ്പോയില്‍ 49,213 പേരാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്. ഇവിടത്തെ സീറോ ടിക്കറ്റ് കളക്ഷന്‍ 10,55,930 രൂപയാണ്. ചങ്ങനാശേരിയിലെ സീറോ ടിക്കറ്റ് വരുമാനം 10,31,663 രൂപയാണ്. 56,586 പേരാണ് സൗജന്യ യാത്ര നടത്തിയത്. പൊന്‍കുന്നം ഡിപ്പോയില്‍ 48,774 സ്ത്രീകളാണ് സൗജന്യ യാത്ര നടത്തിയത്. ഇതില്‍ നിന്നും 10,62,911 രൂപയാണ് കളക്ഷന്‍.
പാലാ ഡിപ്പോയിലാണ് ഏറ്റവും കുറവു സീറോ ടിക്കറ്റ് കളക്ഷനുള്ളത്. ഏഴു ലക്ഷമാണ് പാലായില്‍ ടിക്കറ്റ് കളക്ഷന്‍. 35,000 യാത്രക്കാരാണ് പാലായുടെ ബസുകളില്‍ യാത്ര ചെയ്തിരിക്കുന്നത്.
മലയോര മേഖലകളിലേക്ക് ഏറെ പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തുന്ന ഈരാറ്റുപേട്ട ഡിപ്പോയില്‍ 49,000 യാത്രക്കാരാണ് സൗജന്യ യാത്രയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
10 ലക്ഷം രൂപയാണ് സീറോ ടിക്കറ്റ് കളക്ഷനായി ലഭിച്ചത്. ജില്ലയില്‍ ഒട്ടുമിക്ക സ്റ്റോപ്പുകളിലും സ്ത്രീയാത്രക്കാര്‍ കാത്തുനിന്നു പ്രിയദര്‍ശിനി ബസുകളില്‍ കയറുകയാണ്.