പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളിയും ബഹളവും. സാന്പത്തിക ക്രമക്കേട് ആരോപിച്ച് നടക്കാവ് പോലീസ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത
സാഹചര്യത്തിൽ ആരോഗ്യ സമിതി ചെയർമാൻ നാലകത്ത് ബഷീറിന്റെ രാജി ആവശ്യപ്പട്ടാണ് ഇടത് അംഗങ്ങൾ രംഗത്തുവന്നത്. ഇതോടെ യോഗം ബഹളത്തിൽ മുങ്ങുകയായിരുന്നു. ഇടത് കൗണ്‍സിലർമാർ യോഗം ബഹിഷ്കരിച്ച് ഒടുവിൽ പ്രതിഷേധിച്ചു.
2018 ഫെബ്രുവരിയിൽ കോഴിക്കോട്ട് നടത്തിയ 66-ാമത് ദേശീയ വോളിബോൾ ചാന്പ്യൻഷിപ്പ് നടത്തിപ്പിൽ 1.24 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് അടുത്തിടെ കണ്ണൂർ പേരാവൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജ് വിജിലൻസിന് നൽകിയ പരാതിയിലാണ് കഴിഞ്ഞ മാസം നടക്കാവ് പോലീസ് കേസെടുത്തത്.
ഇതിൽ ബഷീറിന് പുറമേ സിപിഎം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി. സത്യൻ, അഹ്മ്മദ്കുട്ടി എന്ന ബാപ്പുട്ടി ഹാജി, കെ.കെ. മൊയ്തീൻ കോയ എന്നിവരെയാണ് പ്രതി ചേർത്തത്. കേസിൽ പ്രതി ചേർത്ത സ്ഥിരം സമിതി അധ്യക്ഷൻ ബഷീർ, കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ, മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ യോഗ തുടക്കത്തിൽ തന്നെ പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലർമാരുടെ ബഹളവും ഇറങ്ങിപോക്കും പാർട്ടി ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നുവെന്നും ബഷീറിനെതിരായ ആരോപണവും തുടർന്നുണ്ടായ വാക്കുതർക്കവും തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ചെയർപേഴ്സണ്‍ പച്ചീരി സുരയ്യ പ്രതികരിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന മുറികൾ ലേലത്തിൽ വയ്ക്കാനും ഗവ. ഗേൾസ് സ്കൂളിലെ അപകട നിലയിലുള്ള കെട്ടിടം പൊളിച്ചുനീക്കാനും യോഗത്തിൽ തീരുമാനമായി.