ജെൻസൻ ഹുവാംഗിന്റെ പതനം നിർമിതബുദ്ധി (എഐ) മേഖലയെ തളർത്തുമോ? എല്ലാവരും ചോദിക്കുന്നു. ഈ ചൊവ്വ, വ്യാഴം ദിനങ്ങൾ അതിനു പ്രാരംഭ ഉത്തരം നൽകും. ചൊവ്വാഴ്ച എൻവിഡിയയുടെ മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച എഐ മേഖലയിലെ മുൻനിര കമ്പനി ആന്ത്രോപിക്കിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടക്കുന്നു. രണ്ടും നിർണായകമാണ്.
വർഷങ്ങളായി ജെൻസനൊപ്പം കമ്പനി റിസൽട്ട് വിശദീകരിക്കാൻ മാധ്യമങ്ങൾക്കും അനലിസ്റ്റുകൾക്കും മുമ്പിൽ എത്തിയിരുന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസർ കോളറ്റ് ക്രെസ് സിഇഒ പദവികൂടി വഹിക്കുകയാണ്. കമ്പനി ആദ്യമായി നിയമിച്ച ചെയർമാൻ ഹാർവി ജോൺസ്, ക്രെസിന്റെ കൂടെ വരുമോ എന്നു വിപണി ശ്രദ്ധിക്കും.
വരുമാനപ്രതീക്ഷ താഴും
റിസൽട്ടിനേക്കാൾ പ്രധാനം ഭാവി വരുമാനവും ലാഭവും സംബന്ധിച്ച കമ്പനിയുടെ പ്രതീക്ഷയാണ്. മുൻകാലങ്ങളിലേതുപോലെ ആവേശകരമല്ല പ്രതീക്ഷ എങ്കിൽ ഓഹരിവില വീണ്ടും ഇടിയും. ഓഹരിക്ക് കഴിഞ്ഞ ഒരാഴ്ചകൊണ്ടു 12ഉം അഞ്ച് ആഴ്ചകൊണ്ട് 32ഉം ശതമാനം വിലയിടിഞ്ഞു. ജൂലൈയിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനി വരുമാനം 106 ശതമാനം വർധിപ്പിച്ച് 9,622 കോടി ഡോളറിൽ എത്തിച്ചു. ലാഭമാർജിൻ 75 ശതമാനമാക്കി. അറ്റാദായം 5,969 കോടി ഡോളർ. മൂന്നാം പാദത്തിൽ വരുമാനം 10,800 കോടി ഡോളറും ലാഭമാർജിൻ 74 ശതമാനവും ആകുമെന്നാണു ജെൻസൻ ഓഗസ്റ്റിൽ പറഞ്ഞത്. ജൂലൈ 27 മുതൽ ഒക്ടോബർ 25 വരെയാണു കമ്പനിയുടെ മൂന്നാം പാദം. ഇതുവരെ എല്ലാ പാദത്തിലും പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് എൻവിഡിയ പുറത്തുവിട്ടിരുന്നു. ഇത്തവണയും അങ്ങനെയാകും എന്നു ന്യായമായും കരുതാം.
ഓഹരിവില എങ്ങോട്ട്?
എന്നാൽ, ജെൻസൻ ഇല്ലാത്ത നാലാം പാദത്തെ(ഒക്ടോബർ-ജനുവരി)പ്പറ്റി അത്രയ്ക്കു പ്രതീക്ഷ ഉണ്ടാവില്ല. വളർച്ച കുറയുമെന്ന സൂചന നൽകിയാൽ ഓഹരി വീണ്ടും ഇടിയും. ജെൻസൻ ഇല്ലാത്ത കമ്പനിയുടെ ഓഹരിവില 25 ശതമാനം കുറയും എന്നു ചില ബ്രോക്കറേജുകൾ ഈ ദിവസങ്ങളിൽ പറഞ്ഞു. പലരും ഓഹരിയുടെ ഒരു വർഷത്തെ ലക്ഷ്യവില ഗണ്യമായി താഴ്ത്തി. എച്ച്എസ്ബിസി 365ൽനിന്നു 170 ഡോളർ ആയും ബെയാർഡ് 500ൽനിന്ന് 200 ഡോളർ ആയും ലക്ഷ്യവില കുറച്ചു. ട്രൂയിസ്റ്റ് ആൻഡ് വില്യം ബ്ലെയർ 346ൽനിന്ന് 174 ഡോളറാക്കി ലക്ഷ്യവില. നീദാമും ബേൺസ്റ്റൈനും 200 ഡോളറിലേക്കു ലക്ഷ്യവില താഴ്ത്തി.
ഇന്ത്യക്കാർക്കും നഷ്ടം
ഓഹരി ഉടനെ തിരിച്ചുകയറില്ല എന്നാണു ലക്ഷ്യവില താഴ്ത്തിയ ബ്രോക്കറേജുകൾ പറയുന്നത്. അതായത്, എൻവിഡിയയിൽ നിക്ഷേപിച്ച ഫണ്ടുകൾക്കും വ്യക്തികൾക്കും വലിയ നഷ്ടം വരും. അതു വിപണിയെ വല്ലാതെ ഉലയ്ക്കും. മ്യൂച്വൽ ഫണ്ടുകൾ വഴിയും അല്ലാതെയും എൻവിഡിയയിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരും നഷ്ടം സഹിക്കണം. എൻവിഡിയയുടെ 47,800 ജീവനക്കാരിൽ 10,000 ഓളം പേർ ഇന്ത്യയിലാണു ജോലി ചെയ്യുന്നത്. അവർക്കു ശമ്പളത്തിനൊപ്പം കമ്പനി ഓഹരികളും നൽകിയിരുന്നു. അതിന്റെ വില നോക്കി സമ്പാദ്യം കണക്കാക്കിയവർക്കും ഇപ്പോൾ നഷ്ടം സഹിക്കേണ്ടിവരും. അമേരിക്കയിലെ 26,000 ജീവനക്കാരിലും ധാരാളം ഇന്ത്യക്കാരുണ്ട്.
ആന്ത്രോപിക് സൂചനയാകും
വ്യാഴാഴ്ച ഐപിഒ നടത്തുന്ന ആന്ത്രോപിക്കിൽ എൻവിഡിയ 1000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആന്ത്രോപിക്കിന്റെ വിലനിർണയം, ഹുവാങ് ഇല്ലാത്ത എഐ മേഖലയുടെ ഭാവിക്കു സൂചനയാകും. രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം പ്രതീക്ഷിച്ച് ഐപിഒയ്ക്ക് ഒരുങ്ങിയതാണു കമ്പനി. ഇപ്പോൾ 1.4 ലക്ഷം കോടി ഡോളറാണു പ്രതീക്ഷ. അതു വീണ്ടും താണാൽ വിപണിക്കു വലിയ ആഘാതമാകും.
തിരിച്ചുവിളിക്കാൻ ഒപ്പുശേഖരണം
ഇതിനിടെ ഹുവാങ്ങിനെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് തുടങ്ങിയ ഓൺലൈൻ നിവേദനങ്ങൾക്ക് വലിയ പിന്തുണയാണു ലഭിച്ചത്. ഒപ്പുകളുടെ എണ്ണം ഇന്നലെ പകൽ 6,000 പേരിൽനിന്ന് ഒരു ലക്ഷത്തിലേക്കു കയറി. അതിൽ 5,000 പേരും കമ്പനി ജീവനക്കാരാണ്. ഒപ്പിട്ടവരിൽ ഇലോൺ മസ്കും മറ്റു പല ബിസിനസുകാരുമുണ്ട്.
നിവേദനങ്ങളിലൂടെ കമ്പനി ബോർഡുകളുടെ തീരുമാനം തിരുത്തിച്ച സംഭവങ്ങളുണ്ട്. സഹസ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാനെ 2023ൽ പുറത്താക്കിയ ഓപ്പൺ എഐ കമ്പനി അഞ്ചു ദിവസം കഴിഞ്ഞു തീരുമാനം തിരുത്തി. അന്നു ജീവനക്കാരും നിക്ഷേപകരും നിവേദനം നടത്തിയിരുന്നു. എല്ലാം തുറന്നുപറയുന്നില്ല എന്നു കുറ്റപ്പെടുത്തിയാണ് ആൾട്ട്മാനെ നീക്കിയത്. ഹുവാങ്ങിനാകട്ടെ ചാരക്കേസും ജീവനക്കാരുമായി ഒന്നിലേറെ അവിഹിതങ്ങളുമുണ്ട്. അവ അത്ര ചെറിയ വിഷയങ്ങളല്ല.