നെടുമ്പാശേരി മിനി കൂപ്പർ ദുരന്തം, ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ചുണ്ടായ ദാരുണ മരണം, മാനന്തവാടിയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ആറാം ക്ലാസുകാരി കൊല്ലപ്പെട്ട സംഭവം തുടങ്ങിയവ അടുത്ത ദിവസങ്ങളിൽ കേരളത്തിന്റെ പൊതുമണ്ഡലത്തെ വലിയൊരു ആഘാതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നമ്മുടെ നിരത്തുകളിൽ നടക്കുന്നത് കേവലം "അപകടങ്ങൾ’ അല്ല; മറിച്ച്, പണക്കൊഴുപ്പിന്റെയും സോഷ്യൽ മീഡിയ ഭ്രമത്തിന്റെയും പേരിൽ അരങ്ങേറുന്ന പരസ്യമായ കൊലപാതകങ്ങളാണ്.
നിയമം അനുസരിച്ച് പാതയോരങ്ങളിലൂടെ നടക്കുന്ന ഒരു മനുഷ്യനും ജീവനോടെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ കഴിയില്ലെന്ന ഭീതിജനകമായ അരക്ഷിതാവസ്ഥയിലേക്ക് നാം കൂപ്പുകുത്തിയിരിക്കുന്നു.അപകടങ്ങൾ സംഭവിക്കുമ്പോൾ കുറച്ചു ദിവസത്തേക്കു മാത്രം ഉയരുന്ന വൈകാരിക പ്രതിഷേധശബ്ദങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ താത്കാലിക മിന്നൽ പരിശോധനകളും കഴിഞ്ഞാൽ കാര്യങ്ങൾ വീണ്ടും പഴയപടിയിലാകുന്നു. റോഡപകടങ്ങളെ കേവലം സാങ്കേതിക തകരാറുകൾ എന്നോ ‘വിധി’ എന്നോ വിളിച്ച് ലഘൂകരിക്കാൻ ഇനി സാധ്യമല്ല. ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച്, റോഡപകടങ്ങൾ എന്നത് കൃത്യമായ ആസൂത്രണത്തിലൂടെയും നിയമനിർവഹണത്തിലൂടെയും പൂർണമായി തടയാൻ കഴിയുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. ഒരു പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോൾ ഭരണകൂടവും സമൂഹവും കാട്ടുന്ന അതേ ജാഗ്രതയും ശാസ്ത്രീയ സമീപനവും റോഡ് സുരക്ഷയുടെ കാര്യത്തിലും അനിവാര്യമായിരിക്കുന്നു.
സ്ഥിതിവിവരക്കണക്കുകളിലെ ഭീതി വിരൽ ചൂണ്ടുന്നത്...
റോഡുകളിലെ മരണനിരക്ക് വിശകലനം ചെയ്യുമ്പോൾ അക്കങ്ങളിലെ ഭീതിജനകമായ യാഥാർഥ്യം വ്യക്തമാകും. ഈ ദശകത്തിന്റെ തുടക്കം മുതൽ (2020-2026) കേരളത്തിന്റെ നിരത്തുകളിൽ 25,000ത്തിലധികം മനുഷ്യജീവനുകളാണ് പൊലിഞ്ഞുപോയത്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2025ൽ മാത്രം കേരളത്തിൽ 49,889 റോഡപകടങ്ങൾ നടക്കുകയും, അതിൽ 3,733 മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയും, 56,000ത്തിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ആദ്യ എട്ടുമാസങ്ങളിൽത്തന്നെ 35,873 അപകടങ്ങളിലായി 2,702 ജീവനുകൾ നിരത്തിൽ ഒടുങ്ങിക്കഴിഞ്ഞു. രാജ്യത്തുടനീളം അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്ന കേസുകളുടെ എണ്ണത്തിൽ മുൻപന്തിയിലാണ് കേരളം. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ വിവരങ്ങളനുസരിച്ച് 2023ൽ മാത്രം 1,78,000ത്തിലധികം റാഷ് ഡ്രൈവിംഗ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഒരു ചെറിയ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ സ്ഥിതിവിവരക്കണക്കുകൾ വിരൽ ചൂണ്ടുന്നത് ഒരു വലിയ പൊതുജനാരോഗ്യ ദുരന്തത്തിലേക്കാണ്.
ഉത്തരവാദിത്വമില്ലായ്മ
ആഡംബര വാഹനങ്ങളുടെ ഉയർന്ന എൻജിൻ ശേഷിയും വേഗവും റോഡിൽ മറ്റു യാത്രക്കാരുടെമേൽ പ്രകടിപ്പിക്കാനുള്ള ആധിപത്യ മനോഭാവമായി മാറുന്നു. ഇതിനോടൊപ്പം രാത്രികാലങ്ങളിലെ അമിതവേഗവും റോഡ് റേസിംഗും പലപ്പോഴും ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുകയും, അവർ മുന്പും സമാനമായി വാഹനമോടിച്ചിട്ടുണ്ടെന്നറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ അനാസ്ഥ പരോക്ഷമായി കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണ്. നമ്മുടെ റോഡ് സംസ്കാരത്തിന്റെ ഏറ്റവും ദയനീയമായ ചിത്രം വ്യക്തമാകുന്നത് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്താണ്. റോഡുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകി സുരക്ഷിതമായി പാത മുറിച്ചുകടക്കാൻ നിർമിച്ചിട്ടുള്ള സീബ്ര ക്രോസിംഗുകൾ ഇന്ന് മരണക്കെണികളായി മാറിയിരിക്കുന്നു. സീബ്ര ക്രോസിംഗിൽ കാൽനടയാത്രക്കാരെ കണ്ടാൽ വാഹനം നിർത്തിക്കൊടുക്കാനുള്ള അടിസ്ഥാനപരമായ മര്യാദപോലും ഭൂരിഭാഗം ഡ്രൈവർമാരും കാട്ടാറില്ല.
പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്
കേരളത്തിലെ നിരത്തുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്ന പ്രവണത അപകടകരമായ വിധത്തിൽ വർധിച്ചുവരികയാണ്. നമ്മുടെ നാട്ടിൽ കുട്ടികൾ വാഹനമോടിക്കുമ്പോൾ അത് അഭിമാനത്തോടെ കാണുകയും സോഷ്യൽ മീഡിയയിൽ റീലുകളാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരു പാരന്റിംഗ് സംസ്കാരം ഉയർന്നുവന്നിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥകളുണ്ടെങ്കിലും, പ്രായോഗികതലത്തിൽ അത്തരം കേസുകളിൽ വാഹനം വിട്ടുനൽകുകയും നിസാര പിഴ അടച്ച് പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന അപചയമാണ് കണ്ടുവരുന്നത്.
എന്നാൽ, ജർമനി ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ അത് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ജർമൻ ട്രാഫിക് നിയമങ്ങൾ പ്രകാരം വാഹന ഉടമയുടെ കർശനമായ നിയമബാധ്യത അവിടെ നടപ്പിലാക്കുന്നു. പ്രായപൂർത്തിയാകാത്ത മക്കൾക്കു വാഹനം നൽകിയാൽ, മാതാപിതാക്കൾ നേരിട്ട് ക്രിമിനൽ വിചാരണ നേരിടേണ്ടിവരും. അതോടൊപ്പം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ യാതൊരു തുകയും നൽകില്ലെന്ന് മാത്രമല്ല, മുഴുവൻ സാമ്പത്തിക ബാധ്യതയും മാതാപിതാക്കളിൽനിന്ന് ഈടാക്കുകയും ചെയ്യും. ഇതുകൂടാതെ, ആ കുട്ടിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള അർഹത പ്രായപൂർത്തിയായ ശേഷവും വർഷങ്ങളിലേക്ക് തടയപ്പെടുകയും ചെയ്യുന്നു. നിയമപരമായ ഈ കർശന നിലപാടുകൾ മാതാപിതാക്കളിലും കുട്ടികളിലും വലിയൊരു ഭയം സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട്.
എഐ ക്യാമറകളുടെ പരിമിതികളും ശിക്ഷാ സമ്പ്രദായങ്ങളും
കേരളത്തിൽ റോഡ് സുരക്ഷയ്ക്കായി സേഫ് കേരള പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് എഐ ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട് എന്നത് സ്വാഗതാർഹമായ ഒരു കാൽവയ്പാണ്. ഹെൽമറ്റ് ഇല്ലാത്ത യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. എന്നാൽ, ഈ അഡ്വാൻസ്ഡ് ക്യാമറ സംവിധാനങ്ങൾക്ക് വലിയ പരിമിതികളുമുണ്ട്.
നിലവിലെ ക്യാമറ സംവിധാനം പ്രധാനമായും പ്രവർത്തിക്കുന്നത് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുന്ന ഒരു വരുമാന സമാഹരണ ഉപാധിയായാണ്, അല്ലാതെ ഒരു ഡ്രൈവറുടെ തൽക്ഷണ പെരുമാറ്റ മാറ്റം ലക്ഷ്യമിട്ടല്ല. റോഡിലെ റേസിംഗ്, ലഹരിയുപയോഗിച്ചുള്ള വാഹനമോടിക്കൽ, സീബ്ര ക്രോസിംഗ് ലംഘനങ്ങൾ എന്നിവ തത്സമയം തടയാൻ ക്യാമറകൾക്ക് കഴിവില്ല. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വേഗം കുറയ്ക്കുകയും ക്യാമറ പരിധി കഴിഞ്ഞയുടൻ വീണ്ടും അമിതവേഗത്തിൽ പായുകയും ചെയ്യുന്ന തന്ത്രപരമായ നിയമലംഘനം ഡ്രൈവർമാർക്കിടയിൽ സാർവത്രികമായിരിക്കുന്നു.
കേവലം സാമ്പത്തിക പിഴകൾ ചുമത്തുന്നത് ഡ്രൈവർമാരുടെ സംസ്കാരത്തിലോ പെരുമാറ്റത്തിലോ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. ആഡംബരവാഹന ഉടമകൾക്ക് ചെറിയ തുകയുടെ സാമ്പത്തിക പിഴകൾ അനായാസം അടച്ചുതീർത്ത് വീണ്ടും സമാന നിയമലംഘനങ്ങൾ തുടരാൻ കഴിയുന്നു എന്നത് ഇതിന്റെ പോരായ്മയാണ്. നിയമലംഘനം നടത്തുന്നവരിൽ ശാശ്വതമായ പെരുമാറ്റ മാറ്റം ഉണ്ടാക്കണമെങ്കിൽ ഭയവും ഉത്തരവാദിത്വബോധവും വളർത്തുന്ന ശിക്ഷാരീതികൾ നടപ്പിലാക്കണം.
(തുടരും)
(ലേഖകൻ ജർമനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയിൽ എൻവയോൺമെന്റൽ മെഡിസിൻ വിഭാഗം ഗവേഷകനാണ്)