കോഴിക്കോട്: ടൂറിസത്തിനും തീരദേശ ഗതാഗതത്തിനും വലിയ കുതിപ്പേകുന്നതിനായി കൊച്ചിക്കു പുറമേ കോഴിക്കോട്ടും ക്രൂയിസ് ടെര്മിനല് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കാലിക്കട്ട് എന്ഐടിയുടെ 66-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില് ഡോ. എം.വി. കേശവ റാവു മെമ്മോറിയല് ഫൗണ്ടേഷന് ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ 44 നദികളും കായലുകളും ബന്ധിപ്പിച്ച് ജല ടൂറിസം വിപുലീകരിക്കും. കേരളത്തിന്റെ 600 കിലോമീറ്റര് തീരദേശവും തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ വലിയ പോര്ട്ട് സിറ്റിയാക്കി മാറ്റാനാണ് സര്ക്കാര് പദ്ധതിയിടുന്നത്. റോഡുകളിലെ ഗതാഗതഭാരം കുറയ്ക്കുന്നതിനായി ചരക്കുനീക്കത്തിന്റെ 50 ശതമാനവും തീരദേശ ജലപാതകളിലേക്കു മാറ്റും.
വിമാനത്താവളങ്ങളുടെ സാമിപ്യം പ്രയോജനപ്പെടുത്തി 27 പദ്ധതികളോടെ ‘ഏവിയേഷന് ഹബ് ’യാഥാര്ഥ്യമാക്കുമെന്നും ലോകോത്തര ലെഗസി സര്വകലാശാലകളെ ആകര്ഷിക്കുന്നതിനായി കേരള നോളഡ്ജ് വാലി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ഐടി ഡയറക്ടര് പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. എം.കെ. രാഘവന് എംപി, എം.എ. റസാഖ് എംഎല്എ, അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയര്മാനുമായ ഡോ. സുബ്ബ റാവു പവുലൂരി, എന്ഐടി പൂര്വവിദ്യാര്ഥി സംഘടന പ്രസിഡന്റ് തങ്കച്ചന് തോമസ്, രജിസ്ട്രാര് പ്രഫ. സുനില് ജേക്കബ് ജോണ്, ഐഎസിആര് ഡീന് പ്രഫ. എസ്. കുമാരവേല്, സി പ്രൈം ചെയര്പേഴ്സണ് ഡോ. മനീഷ് ചന്ദ്രന് എന്നിവര് പ്രസംഗിച്ചു.