ന്യൂഡൽഹി: പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമെന്നു രേഖകൾ.
ആന്റി-റയട്ട് ഗണ്ണിൽനിന്ന് പെല്ലറ്റുകൾ അടങ്ങിയ രണ്ടു റൗണ്ട് വെടി ഉതിർത്തതായി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ ജനറൽ ഡയറി എൻട്രിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പോലീസിന്റെ ആദ്യവാദം. എന്നാൽ, ഇതു തള്ളുന്നതാണ് പോലീസിന്റെതന്നെ ജനറൽ ഡയറി എൻട്രി രേഖകൾ.
വിദ്യാർഥികളുടെ പ്രതിഷേധത്തെ തടയാൻ പെല്ലറ്റ് പ്രയോഗത്തിനുപുറമെ 55 നോൺ-ഇലക്ട്രിക്കൽ ഷെല്ലുകൾ, 15 ഇലക്ട്രിക്കൽ ഷെല്ലുകൾ, അഞ്ച് ടിയർ സ്മോക് ഗ്രനേഡുകൾ എന്നിവയും ഉപയോഗിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.