Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DJparty

'നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കാനാകും? ഡിജെ പാര്‍ട്ടികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം?'- വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലിസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഡിജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ലെന്നും ഇത്തരം പാര്‍ട്ടികളെ മാത്രം പ്രത്യേകമായി ലക്ഷ്യമിടുന്നത് എന്തിനാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിച്ച് കൊണ്ട് പൊലിസ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനം ഉയര്‍ത്തിയത്.

ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലെന്ന് പറയാനാകുമോ? നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകും? ഹോട്ടലില്‍ മദ്യം വിളമ്പുന്നതില്‍ പൊലിസിന് എതിര്‍പ്പില്ല, എന്നാല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

അമ്പലങ്ങളിലും പള്ളികളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ? നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെയാണ് പറയാനാകുക? മദ്യാസക്തി ബാറുകളില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. ഡിജെ പാര്‍ട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നത് എന്ന മുന്‍വിധി പാടില്ല. ആളുകള്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്.

രാത്രികാലങ്ങളില്‍ സിനിമയ്ക്ക് പോകുന്നത് ഒഴിച്ചാല്‍ കേരളത്തില്‍ മറ്റെന്താണ് ചെയ്യാന്‍ ഉള്ളത്? നൈറ്റ് ലൈഫ് എങ്ങനെയാണ് നിരോധിക്കാനാകുക എന്നും കോടതി ചോദിച്ചു. ബാര്‍ ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സ്ഥലത്ത് ഡിജെ പാര്‍ട്ടി നടത്തിയാല്‍ അത് എങ്ങനെ നിരോധിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ഇതിന് ലൈസന്‍സ് ആവശ്യമുണ്ടോ എന്നും കോടതി വിശദീകരണം ചോദിച്ചു.

മദ്യവില്‍പ്പന സര്‍ക്കാരിന് പ്രശ്നമല്ല. കാരണം മദ്യത്തിന്‍റെ വില്‍പ്പനയിലൂടെ സര്‍ക്കാരിന് പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഡിജെ പാര്‍ട്ടികളെ മാത്രം പ്രത്യേകം ലക്ഷ്യവെയ്ക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ലഹരി ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും ഡിജെ പാര്‍ട്ടി വേദികളില്‍ പൊലിസിനെ വിന്യസിക്കാമെന്നും കോടതി വ്യക്തമാക്കി.

Latest News

Corehub Up