ന്യൂഡൽഹി: വിവാദമായ മണ്ഡലപുനർനിർണയ ബില്ലിൽ വിശദമായ പഠനങ്ങൾക്കു ശേഷം നിലപാട് വ്യക്തമാക്കുമെന്ന് ഡിഎംകെ.
തമിഴ്നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനമാകും ഡിഎംകെ സ്വീകരിക്കുകയെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബില്ലിന്റെ പരിധിയും ലക്ഷ്യങ്ങളും കൃത്യമായി വ്യക്തമാക്കുന്ന മുറയ്ക്ക് അത് വിശകലനം ചെയ്യുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച നടന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
നേരത്തെ, എൻഡിഎ സർക്കാർ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ശക്തമായി എതിർത്തതോടെ ബിൽ പരാജയപ്പെടുകയായിരുന്നു.എന്നാൽ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡിഎംകെ ഉപേക്ഷിച്ച് ടിവികെയുമായി സഖ്യം ചേർന്നതോടെയാണ് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികളോട് ആലോചിക്കാതെ ഡിഎംകെ ഒറ്റയ്ക്ക് സ്വതന്ത്ര്യമായ തീരുമാനമെടുക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.