കോഴഞ്ചേരി: പൂവത്തൂർ കിഴക്ക് 577-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻ പള്ളിയോടത്തിന്റെ നിർമാണത്തിനായി പ്രശസ്ത ശിൽപി ചങ്ങങ്കരി വേണുആചാരിക്ക് പള്ളിയോട നിർമാണ സമിതി ദക്ഷിണ സമർപ്പിച്ചു.
പന്നിപ്രയാർ ശിവക്ഷേത്ര സന്നിധിയിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് ഡി. രാജഗോപാൽ ചങ്ങങ്കരി വേണുആചാരിയെ പൊന്നാട അണിയിച്ച് വരവേറ്റു.
തുടർന്ന് നിർമാണ സമിതി പ്രസിഡന്റ് സുരേഷ് കുമാർ കിഴക്കേടത്തു വടക്കേതിൽ ദക്ഷിണ സമർപ്പിച്ചു. സമിതി സെക്രട്ടറി അനിൽകുമാർ പത്തികിഴക്കേതിൽ, ട്രഷറാർ ജി. അശോക് കുമാർ, കരയോഗം സെക്രട്ടറി അജീഷ് വയക്കര, വനിതാ സമാജം ഭാരവാഹികൾ എന്നിവരും നാട്ടുകാരും പങ്കെടുത്തു.
പള്ളിയോട നിർമാണത്തിനുള്ള ആഞ്ഞിലിത്തടികൾ വെട്ടുന്നതിന് മുന്നോടിയായി 30ന് പൂവത്തൂർ പ്രയാറ്റില്ലത്ത് ശ്രീകുമാർ നമ്പൂതിരിയുടെ കാർമികത്വത്തിൽ പാലായിൽ വൃക്ഷപൂജ നടക്കും.ഡിസംബർ ആറിന് തടികൾ ഘോഷയാത്രയായി നിർമാണ സ്ഥലമായ പൂവത്തൂർ പടനിലത്ത് എത്തിക്കുമെന്ന് നിർമാണ സമിതി ഭാരവാഹികൾ അറിയിച്ചു.