നൃത്തച്ചുവടുകളുമായി വേദിയിൽ വിസ്മയം തീർക്കുന്ന അമ്മയുടെ പ്രകടനം കണ്ട് വികാരാധീനനായി നടൻ നീരജ് മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തിൽ തന്റെ ഗുരുവിനും സഹനർത്തകർക്കുമൊപ്പം ഭരതനാട്യം അവതരിപ്പിക്കുന്ന ലത മാധവന്റെ വിഡിയോയാണ് നീരജ് ആരാധകരുമായി പങ്കുവച്ചത്. അറുപത്തിയൊന്നാം വയസിലും യാതൊരു കുറവുമില്ലാത്ത അസാധ്യ മികവാണ് ലത മാധവ് വേദിയിൽ കാഴ്ചവച്ചത്.
നീരജിന്റെ വാക്കുകൾ
കുട്ടിക്കാലം തൊട്ടേ അമ്മയെ ഞാൻ കണ്ടിട്ടുള്ളത് ശാസ്ത്രീയനൃത്തത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഒരാളായിട്ടാണ്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിയായിരുന്നെങ്കിലും, ജീവിതം അമ്മയ്ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. അമ്മ പിന്നീട് ഒരു സ്കൂൾ അധ്യാപികയായി.
കരിയറും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെയായി മുന്നോട്ടുപോയപ്പോൾ, എവിടെയോ വെച്ച് നൃത്തം പിൻനിരയിലേക്ക് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും, ആ സ്വപ്നം അമ്മ ഒരിക്കലും പൂർണ്ണമായി കൈവിട്ടിരുന്നില്ല.