താഷ്ക്കന്റ്: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒലി ദരാജാലി ദുസ്ത്ലിക്' സമ്മാനിച്ചു. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പുരസ്കാരം കൈമാറിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിനും സഹകരണത്തിനുമാണ് ഈ അംഗീകാരമെന്നും പുരസ്കാരം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
ഇന്ത്യയുടെ 'വികസിത് ഭാരത്', ഉസ്ബെക്കിസ്ഥാന്റെ 'യാംഗി ഉസ്ബെക്കിസ്ഥാൻ' എന്നീ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി.