ന്യൂയോർക്ക്: നിർമിതബുദ്ധിയുടെ (എഐ) വേഗത്തിലുള്ള വളർച്ച അടുത്ത പത്തു വർഷത്തിനുള്ളിൽ കാൻസർ ഉൾപ്പടെയുള്ള ഗുരുതര രോഗങ്ങൾക്കു പരിഹാരം കാണാൻ സഹായിക്കുമെന്ന് എഐ കന്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയ്. ‘മെഷീൻസ് ഓഫ് ലവിംഗ് ഗ്രേസ്’എന്ന തന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രവചനം നടത്തിയത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾ പത്തു മടങ്ങ് വേഗത്തിലാകും. ഇത് അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ഭൂരിഭാഗം കാൻസറുകളും പ്രതിരോധിക്കാനും പൂർണമായി ഭേദമാക്കാനും സഹായിക്കും.
രോഗനിയന്ത്രണത്തിലൂടെ മനുഷ്യന്റെ ശരാശരി ആയുസ് 150 വയസ് വരെയായി ഉയർത്താൻ സാധിച്ചേക്കും. കാൻസറിനുപുറമെ മറ്റു ജനിതക രോഗങ്ങൾ, സങ്കീർണമായ അവയവ വൈകല്യങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കും എഐ അധിഷ്ഠിത മെഡിക്കൽ ഗവേഷണങ്ങൾ വഴി പരിഹാരം കണ്ടെത്താനാകും.
എഐ സാങ്കേതികവിദ്യ വെറുമൊരു സാങ്കേതിക മുന്നേറ്റം മാത്രമല്ലെന്നും ആരോഗ്യരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കാൻ അതിനു സാധിക്കുമെന്നും അമോദെയ് അടിവരയിടുന്നു.