ന്യൂഡൽഹി: എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നതായി കണ്ടെത്തിയത്. ബാങ്കിന്റെ പ്രാഥമിക പരിശോധനയിലാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്ബിഐ അറിയിച്ചു. ഉപഭോക്താക്കളുടെ പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനന തീയതി, ഇമെയിൽ, വിലാസം, തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ഇതുകൂടാതെ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ നമ്പറുകൾ, വായ്പാ അപേക്ഷകളുമായും മറ്റ് രേഖകളുമായും ബന്ധപ്പെട്ട വിവരങ്ങളും ചോർന്നിട്ടുണ്ട്. ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3.75 ലക്ഷം രേഖകൾ പ്രാഥമികമായി പരിശോധിച്ചപ്പോഴാണ് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തിരിച്ചറിഞ്ഞത്.
വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ അറിയിച്ചു.