കണ്ണൂർ: സ്വാതന്ത്ര്യ ദിനത്തിൽ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിൽ 24 പ്ലറ്റൂണുകൾ അണിനിരക്കും. പരേഡിലും നാളെയും 13നും നടക്കുന്ന റിഹേഴ്സൽ പരേഡിലും പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ബസിൽ യാത്രാ ഇളവ് അനുവദിക്കുമെന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തയാറെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. ഇക്കാര്യം ഡിഡിഇ മുഖേന ആർടിഒ ഉറപ്പുവരുത്തണം.
പോലീസിന്റെ നാല് പ്ലറ്റൂൺ, എക്സൈസ്, വനംവന്യജീവി വകുപ്പ് എന്നിവയുടെ ഒന്നു വീതവും എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി എന്നിവയുടെ നാലു വീതവും എസ്പിസിയുടെ ആറ് പ്ലറ്റൂണുകളുമാണ് പങ്കെടുക്കുക. ഡിഎസ്സി, ആർമി സ്കൂൾ, കടമ്പൂർ സ്കൂൾ എന്നിവരുടെ ബാൻഡ് സംഘവും പരേഡിൽ അണിനിരക്കും.പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യദിന പരേഡ് കളക്ടറേറ്റ് മൈതാനിയിലെത്തി നേരിൽ കാണാം. യോഗത്തിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ വിജയ ഭരത് റെഡ്ഢി, റൂറൽ എസ്പി ഉമേഷ് ഗോയൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.